മനാമ: മൃഗാശുപത്രിയുടെ ഫാര്‍മസി വഴി നിയന്ത്രിത സ്റ്റിറോയിഡ് വിതരണം ചെയ്ത മൃഗഡോക്ടര്‍ക്ക് 5,000 ദിനാര്‍ പിഴ. ഡോക്ടറെ രാജ്യത്ത് നിന്നും നാടുകടത്താനും ഉത്തരവായി. പിടിച്ചെടുത്ത വസ്തുക്കള്‍ നശിപ്പിക്കാനും കോടതി ഉത്തരവിട്ടു.
മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയത്തിലെ മൃഗാരോഗ്യ ഡയറക്ടറേറ്റാണ് സ്വകാര്യ മൃഗാശുപത്രിയുമായി ബന്ധമുള്ള ഫാര്‍മസിയില്‍ നിയന്ത്രിത സ്റ്റിറോയിഡ് വില്‍പ്പന കണ്ടെത്തിയത്.
തുടര്‍ന്നുള്ള അന്വേഷണത്തില്‍, ഫാര്‍മസിയുടെ ഉത്തരവാദിത്തമുള്ള ഡോക്ടറാണ് ആശുപത്രി ഡയറക്ടറുടെ അറിവോ അംഗീകാരമോ ഇല്ലാതെ മരുന്ന് വില്‍പ്പനയ്ക്ക് എത്തിച്ചതെന്ന് കണ്ടെത്തി.
പബ്ലിക് പ്രോസിക്യൂഷന്‍ കേസ് മൈനര്‍ ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തു. കോടതി തുടക്കത്തില്‍ 5,000 ബഹ്‌റൈന്‍ ദിനാര്‍ പിഴ ചുമത്തി. എന്നാല്‍ സമാനമായ നിയമലംഘനം കഴിഞ്ഞ വര്‍ഷവും മൃഗഡോക്ടര്‍ നടത്തിയിരുന്നതിനാല്‍ പ്രതിയ്ക്ക് കൂടുതല്‍ ശിക്ഷ നല്‍കണമെന്ന് വാദിച്ചുകൊണ്ട് പ്രോസിക്യൂട്ടര്‍മാര്‍ അപ്പീല്‍ നല്‍കി. തുടര്‍ന്നാണ് ഡോക്ടറെ നാടുകടത്താന്‍ ഉത്തരവിട്ടത്.