മനാമ: രാജ്യത്ത് ഡെലിവറി റൈഡര്‍മാര്‍ വരുത്തുന്ന അപകടങ്ങളില്‍ വന്‍ വര്‍ധനവെന്ന് ആഭ്യന്തര മന്ത്രി ലഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ. കഴിഞ്ഞ വര്‍ഷം 3,387 അപകടങ്ങള്‍ നടന്നതായും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 21.79 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആകെ നടന്ന അപകടങ്ങളില്‍ ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതില്‍ അഞ്ചെണ്ണം ഡെലിവറി റൈഡര്‍മാര്‍ മൂലമാണ് സംഭവിച്ചത്. എന്നിരുന്നാലും, പ്രധാന റോഡുകളില്‍ ഡെലിവറി റൈഡര്‍മാര്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് അപ്രായോഗികമാണെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. റൈഡര്‍മാര്‍ ബൈക്കുകള്‍ക്ക് പകരം കാറുകള്‍ ഉപയോഗിച്ചാല്‍ ഗതാഗതക്കുരുക്ക് കൂടുതല്‍ വഷളാകുമെന്നും അദ്ദേഹം പറഞ്ഞു.
ഡെലിവറി റൈഡര്‍മാരെ നിയന്ത്രിക്കുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനും സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള ശൂറ അംഗം ഡോ. അലി അല്‍ ഹദ്ദാദിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി മന്ത്രാലയം പ്രവര്‍ത്തിക്കുന്നതിനൊപ്പം തന്നെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും ശൂറ കൗണ്‍സിലിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുള്ള പറഞ്ഞു.
അതേസമയം, വാഹനമോടിക്കുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാത്തതും ശ്രദ്ധക്കുറവുമാണ് മിക്ക അപകടങ്ങള്‍ക്കും കാരണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗതാഗത നിയമങ്ങള്‍ നടപ്പാക്കുന്നതിനായി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 918 ഡെലിവറി മോട്ടോര്‍സൈക്കിളുകള്‍ നിയമലംഘനങ്ങള്‍ക്ക് പിടിച്ചെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഡെലിവറികള്‍ക്കായി ഉപയോഗിക്കുന്ന ഇ-സ്‌കൂട്ടറുകള്‍ പ്രധാന റോഡുകള്‍, ട്രാഫിക് ലൈന്‍, റോഡ് ഷോള്‍ഡറുകള്‍, അടിയന്തര പാതകള്‍ എന്നിവയില്‍ നിന്ന് നിരോധിച്ചിരിക്കുന്നു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ നിരോധനം.