ക്വാലാലംപൂര്‍: ഹോങ്കോങ്ങിനെതിരായ ടി20ഐ ക്രിക്കറ്റ് മത്സരത്തില്‍ സൂപ്പര്‍ഓവറില്‍ ഒരു റണ്‍ പോലും നേടാനാകാതെ ബഹ്റൈന്‍ ക്രിക്കറ്റ് ടീം. 16 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ടീം സൂപ്പര്‍ ഓവറില്‍ റന്‍സ് എടുക്കാതെ പുറത്താവുന്നത്.
ക്വാലാലംപൂരിലെ ബയുമാസ് ഓവലില്‍ നടന്ന മലേഷ്യ ത്രിരാഷ്ട്ര പരമ്പരയിലെ അഞ്ചാം മത്സരത്തിനിടെയാണ് സംഭവം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹോങ്കോംഗ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ഫിയാസ് അഹമ്മദും പ്രശാന്ത് കുറുപ്പും ആദ്യ നാല് ഓവറുകളില്‍ 30 റണ്‍സ് നേടി മറുപടി ബാറ്റിംഗിനിറങ്ങിയ ബഹ്റൈന് മികച്ച തുടക്കമാണ് നല്‍കിയത്.
67 റണ്‍സിനിടെ ബഹ്റൈന്റെ അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ടെങ്കിലും ക്യാപ്റ്റന്‍ അഹ്‌മര്‍ ബിന്‍ നാസിര്‍ സ്‌കോര്‍ സമനിലയില്‍ എത്തിച്ചു. ബഹ്റൈന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് നേടിയതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു.
സൂപ്പര്‍ ഓവറില്‍ ഹോങ്കോങ്ങിന്റെ പരിചയസമ്പന്നനായ ഓഫ് സ്പിന്നര്‍ എഹ്‌സാന്‍ ഖാന്‍ മൂന്ന് പന്തുകളുടെ ഇടവേളയില്‍ അഹ്‌മര്‍ നാസിറിനെയും സൊഹൈല്‍ അഹമ്മദിനെയും പുറത്താക്കി. ഐസിസിയുടെ ടി20 ഐ കളി നിബന്ധനകള്‍ അനുസരിച്ച് ഒരു ടീം സൂപ്പര്‍ ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയാല്‍ പുറത്തായതായി കണക്കാക്കും.
മത്സരം ജയിക്കാന്‍ ഹോങ്കോങ്ങിന് ഒരു റണ്‍ മാത്രം മതിയായിരുന്നു. സൂപ്പര്‍ ഓവറിലെ മൂന്നാം പന്തില്‍ ബാബര്‍ ഹയാത്തിന്റെ ബൗളിംഗില്‍ അബ്ദുള്‍ മജീദ് അബ്ബാസി വിജയ റണ്‍ നേടിയതോടെ ഹോങ്കോങ് വിജയത്തിലേക്ക് കുതിച്ചു.