മനാമ: ബഹ്‌റൈനില്‍ വീട്ടുജോലിയ്‌ക്കെത്തിയ യുവതി ശമ്പളമില്ലാതെ വഞ്ചിക്കപ്പെട്ടതായി പരാതി. സംഭവത്തില്‍ ലൈസന്‍സില്ലാതെ മാന്‍പവര്‍ ഏജന്‍സിയും എംപ്ലോയ്മെന്റ് ഓഫീസും നടത്തിയ തൊഴിലുടമയെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ യുവതിയുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചതായും പരാതിയില്‍ പറയുന്നു.
പ്രതിമാസം 120 ബഹ്റൈന്‍ ദിനാറിന് വീട്ടുജോലിക്കായി വിസിറ്റ് വിസയിലാണ് ബഹ്റൈനില്‍ എത്തിയതെന്ന് 25 കാരി പറയുന്നു. ഒമ്പത് വീടുകളില്‍ തന്നെ പണികള്‍ ചെയ്യാനായി അയച്ചിരുന്നുവെന്നും വേതനം കൃത്യമായി നല്‍കിയില്ലെന്നും യുവതി പറഞ്ഞു.
കേസ് മനുഷ്യക്കടത്തായാണ് ആഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നത്. പ്രതി ഇരയുടെ വരുമാനം തടഞ്ഞുവച്ചതായും ആദ്യത്തെ രണ്ട് മാസത്തേക്ക് 200 ബഹ്റൈന്‍ ദിനാര്‍ മാത്രമാണ് നല്‍കിയതെന്നും കണ്ടെത്തിയിട്ടുണ്ട്. യുവതിയെ അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതി ശബ്ദ സന്ദേശങ്ങള്‍ അയച്ചതായി ഒരു സാക്ഷി പറഞ്ഞു.
ശരിയായ ലൈസന്‍സില്ലാതെ റിക്രൂട്ട്മെന്റ് ഏജന്‍സിയും എംപ്ലോയ്മെന്റ് ഓഫീസും നടത്തിയിരുന്നതായി പ്രതി സമ്മതിച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ഇരയ്ക്കെതിരെയുള്ള ഭീഷണികള്‍ അടങ്ങിയ ഓഡിയോ റെക്കോര്‍ഡിംഗുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. കൂടാതെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നിയമനടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
2024 നും 2025 നും ഇടയില്‍, പ്രതിയും മറ്റൊരു തിരിച്ചറിയപ്പെടാത്ത വ്യക്തിയും ചേര്‍ന്ന് ഇരയെ റിക്രൂട്ട് ചെയ്‌തെന്നും നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിച്ച് ചൂഷണം ചെയ്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.