മനാമ: ‘അല്‍ മുന്‍ദിര്‍’ ഉപഗ്രഹത്തില്‍ നിന്നുള്ള ആദ്യ സിഗ്‌നല്‍ ലഭിച്ചതായി നാഷണല്‍ സ്പേസ് സയന്‍സ് ഏജന്‍സി (എന്‍എസ്എസ്എ) അറിയിച്ചു. ഉപഗ്രഹം അതിന്റെ സോളാര്‍ പാനലുകളും സെന്‍സറുകളും പൂര്‍ണ്ണമായും പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നും ഗ്രൗണ്ട് സ്റ്റേഷനുകളിലേക്ക് ആദ്യ സിഗ്‌നല്‍ വിജയകരമായി കൈമാറിയെന്നും എന്‍എസ്എസ്എ അറിയിച്ചു.
അമേരിക്കയിലെ കലിഫോര്‍ണിയയിലെ വാന്‍ഡന്‍ബര്‍ഗ് ബഹിരാകാശ സേനാ താവളത്തില്‍നിന്ന് ബഹ്‌റൈന്‍ സമയം രാവിലെ 9.43നായിരുന്നു ഉപഗ്രഹത്തിന്റെ വിക്ഷേപണം. ട്രാന്‍സ്‌പോര്‍ട്ടര്‍-13 ദൗത്യത്തിന്റെ ഭാഗമായി സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്.
ഏറ്റവും കൂടുതല്‍ വിക്ഷേപിക്കപ്പെടുന്ന റോക്കറ്റുകളില്‍ ഒന്നാണ് ഫാല്‍ക്കണ്‍ 9. പുനരുപയോഗിക്കാവുന്ന രൂപകല്‍പ്പനയ്ക്ക് പേരുകേട്ടതാണ് ഈ റോക്കറ്റ്. പരിസ്ഥിതി നിരീക്ഷണം, വിവര ശേഖരണം, സാങ്കേതിക ഗവേഷണം തുടങ്ങിയ മേഖലകളില്‍ ഉപഗ്രഹം പ്രവര്‍ത്തിക്കും.