മനാമ: രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിര്‍മിത ബുദ്ധി (എഐ) ഉപയോഗം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം. വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷ സമിതി വൈസ് ചെയര്‍മാന്‍ എം.പി ഹസന്‍ ഇബ്രാഹീമിന്റെ നേതൃത്വത്തിലാണ് നിര്‍ദേശം സമര്‍പ്പിച്ചത്. പാര്‍ലമെന്റ് സ്പീക്കര്‍ അഹ്‌മദ് അല്‍ മുസല്ലം തുടര്‍ അവലോകനത്തിനായി നിര്‍ദേശം ബന്ധപ്പെട്ട കമ്മിറ്റികള്‍ക്ക് അയച്ചു.
നിര്‍ദേശം നടപ്പായാല്‍ നഷ്ടപ്പെടാവുന്ന ജോലികളുടെ എണ്ണത്തെക്കുറിച്ച് ബോധ്യമുണ്ടാവുകയും മറ്റെന്തെങ്കിലും സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാവുമോയെന്ന് പരിശോധിക്കുകയും വേണമെന്ന് സ്പീക്കര്‍ പറഞ്ഞു.
ചെലവ് ചുരുക്കുന്നതിന്റെയും സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന്റെയും പ്രധാനഘടകമായി എഐ മാറിക്കൊണ്ടിരിക്കയാണെന്നും സര്‍ക്കാര്‍ മന്ത്രാലയങ്ങളിലെ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുക, കാര്യക്ഷമത വര്‍ധിപ്പിക്കുക എന്നിവയില്‍ നിര്‍മിതബുദ്ധി മികച്ച സംവിധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഡേറ്റ വിശകലനത്തിനും സര്‍ക്കാര്‍ അക്കൗണ്ടുകളുടെ ഓഡിറ്റുകളിലും എഐ ഉപയോഗിക്കാമെന്നും ഇത് പ്രോത്സാഹിപ്പിക്കണമെന്നും സ്പീക്കര്‍ സൂചിപ്പിച്ചു.