മനാമ: ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് വഴിയൊരുക്കുന്നതിനും സര്‍ക്കാര്‍ സേവന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മൈഗവ് ആപ്ലിക്കേഷനില്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമായി നിരവധി സേവനങ്ങളാണ് നല്‍കുന്നത്.
ബഹ്റൈനിലെ ആദ്യത്തെ സംയോജിത സ്മാര്‍ട്ട് ദേശീയ പ്ലാറ്റ്ഫോം എന്ന നിലയില്‍ 41-ലധികം സര്‍ക്കാര്‍ സേവനങ്ങളാണ് ആപ്പിലൂടെ നല്‍കുന്നത്. പ്രാരംഭ ഘട്ടത്തില്‍, മൈഗവ് ആപ്പില്‍ പൊതു സുരക്ഷാ സേവനങ്ങളാണ് നല്‍കിയിരുന്നത്. പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്യല്‍, നാഷനാലിറ്റി, പാസ്‌പോര്‍ട്ട്‌സ് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്‌സ് (എന്‍.പി.ആര്‍.എ) സേവനങ്ങള്‍ തുടങ്ങിയവ ആപ്പിലൂടെ ലഭ്യമാണ്.
ഐഡന്റിറ്റി കാര്‍ഡുകള്‍, പാസ്‌പോര്‍ട്ടുകള്‍, ജനന സര്‍ട്ടിഫിക്കറ്റുകള്‍, യാത്രാ പെര്‍മിറ്റുകള്‍ നല്‍കല്‍ തുടങ്ങിയ ഔദ്യോഗിക സര്‍ക്കാര്‍ രേഖകള്‍ മൈഗവ് ആപ്പിലൂടെ കാണാന്‍ സാധിക്കും. സര്‍ക്കാര്‍ അറിയിപ്പുകളും മറ്റു സേവനങ്ങളും ആപ്പിലൂടെ ലഭ്യമാകും.
ആപ്ലിക്കേഷനില്‍ ട്രാഫിക് ഡയറക്ടറേറ്റിന്റെ സേവനങ്ങളും ലഭ്യമാണ്. ഡ്രൈവിങ് ലൈസന്‍സുകളും വാഹന ഉടമസ്ഥാവകാശ വിശദാംശങ്ങളും ആപ്പില്‍ ലഭ്യമാകും. കൂടാതെ, ഡ്രൈവിങ് ലൈസന്‍സുകളും വാഹന രജിസ്‌ട്രേഷനുകളും പുതുക്കുക, ഗതാഗത പിഴകള്‍ അടക്കുക എന്നീ സേവനങ്ങളും ലഭ്യമാണ്.
ഭാവിയില്‍ കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തും. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇ-ഗവണ്‍മെന്റ് അതോറിറ്റിയുമായി (ഐ.ജി.എ) സഹകരിച്ച്, നിലവിലുള്ള ട്രാഫിക് സര്‍വിസസ് ആപ്പില്‍നിന്ന് എല്ലാ സേവനങ്ങളും മൈ-ഗവിലേക്ക് മാറ്റും. ഉപയോക്തൃ ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള ട്രാഫിക് ആപ് ക്രമേണ നിര്‍ത്തലാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഒന്നിലധികം സര്‍ക്കാര്‍ സേവനങ്ങളിലേക്ക് സുരക്ഷിതവും ഏകീകൃതവുമായ ആക്‌സസ് നല്‍കുന്ന ഒരു നൂതന ഡിജിറ്റല്‍ സംരംഭമാണ് മൈഗവ് ആപ്. ഇത് ഇ-കീ 2.0 സിസ്റ്റവുമായി സംയോജിപ്പിച്ചിരിക്കുന്നതിനാല്‍ സുരക്ഷിതവും തടസ്സമില്ലാത്തതുമായ ഡിജിറ്റല്‍ അനുഭവം ഉപയോക്താക്കള്‍ക്ക് ലഭിക്കും.
ഉപയോക്താക്കള്‍ക്ക് ഇ-ഗവണ്‍മെന്റ് ആപ്പ് സ്റ്റോറില്‍ (bahrain.bh/apps) നിന്ന് MyGov ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.