മനാമ: രാജ്യത്ത് അഞ്ച് പുതിയ സ്‌കൂളുകളും നാല് അക്കാദമിക് കെട്ടിടങ്ങളും നിര്‍മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമുഅ. കൂടാതെ 80 പൊതുവിദ്യാലയങ്ങള്‍ നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന ബജറ്റിന്റെ ഭാഗമായാണ് ഈ നിര്‍മാണപ്രവര്‍ത്തനങ്ങള്‍.
പൊതുവിദ്യാലയങ്ങളില്‍ ഇന്റര്‍നാഷനല്‍ ബാക്കിലോറിയറ്റ് (ഐ.ബി) പ്രോഗ്രാം അവതരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും മന്ത്രാലയം നടത്തുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് അന്താരാഷ്ട്ര അംഗീകരമുള്ള പാഠ്യപദ്ധതി നല്‍കുക എന്നതാണ് ഐ.ബി പ്രോഗ്രാമിന്റെ ലക്ഷ്യം.
അധ്യാപകരുടെ എണ്ണവും വര്‍ധിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്. 2025 ലും 2026 ലും 600 ബഹ്റൈന്‍ ടീച്ചേഴ്സ് കോളേജ് ബിരുദധാരികളെ നിയമിക്കും. നാലുവര്‍ഷത്തെ ബിരുദ പദ്ധതിയും അവതരിപ്പിക്കും.
പുതിയ റെസിഡന്‍ഷ്യല്‍ ഏരിയകളിലേക്ക് സ്‌കൂളുകളെ സംയോജിപ്പിക്കല്‍, ഇംഗ്ലീഷ്, അറബിക്, ഗണിതം, ശാസ്ത്രം എന്നിവയില്‍ മെച്ചപ്പെടുത്തലുകള്‍ വരുത്തിക്കൊണ്ട് പാഠ്യപദ്ധതി പുതുക്കല്‍, ഖുര്‍ആന്‍ പഠനങ്ങള്‍ ശക്തിപ്പെടുത്തുക, ബഹ്‌റൈനി നാടോടി സംസ്‌കാരത്തെക്കുറിച്ചുള്ള പുതിയ വിഷയം അവതരിപ്പിക്കല്‍ തുടങ്ങിയ പദ്ധതികളും നടപ്പാക്കും.