മനാമ: രോഗികളുടെ അവകാശങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യ സംരക്ഷണ നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള മെഡിക്കല്‍ ഉത്തരവാദിത്ത നിയമം ശൂറ കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിച്ചു. ഡോ. ജമീല അല്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് 34 ആര്‍ട്ടിക്കിളുകളുള്ള കരട് നിയമനിര്‍മാണം നിര്‍ദേശിച്ചത്.
ആറു മാസത്തിനകം ബില്‍ ദേശീയ അസംബ്ലിക്ക് തിരികെ കൈമാറും. മെഡിക്കല്‍ പ്രാക്ടീഷണര്‍മാക്കും ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങള്‍ക്കും രോഗികള്‍ക്ക് മേലുള്ള ഉത്തരവാദിത്തം, രോഗിയുടെ അവകാശങ്ങള്‍, പ്രൊഫഷണല്‍ ബാധ്യതകള്‍ തുടങ്ങിയവ നിയന്ത്രിക്കാനുമുള്ള നിയമനിര്‍മാണമാണ് ലക്ഷ്യമിടുന്നത്.
പ്രൊഫഷനല്‍ ദുരുപയോഗ സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഒരു ഹയര്‍ മെഡിക്കല്‍ ലയബിലിറ്റി കമ്മിറ്റി രൂപീകരിക്കാനും നിയമത്തില്‍ നിര്‍ദേശമുണ്ട്. ചികിത്സാ പിഴവ് മൂലം രോഗികള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും.
അംഗീകൃതമല്ലാത്ത മരുന്നുകളോ നടപടിക്രമങ്ങളോ ഉപയോഗിക്കുക, അനാവശ്യ ശസ്ത്രക്രിയകള്‍ നടത്തുക എന്നിവക്ക് 1,000 ബഹ്‌റൈന്‍ ദിനാര്‍വരെ പിഴയോ ഒരുവര്‍ഷം വരെ തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാം.
ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവയും നിയമം അനുശാസിക്കുന്നുണ്ട്. ഡോക്ടര്‍മാരെ ശിക്ഷിക്കുന്നതിനല്ല മറിച്ച് ഉത്തരവാദിത്തവും സുരക്ഷയും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് ഡോ. അല്‍ സല്‍മാന്‍ പറഞ്ഞു.
സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് (എസ്.സി.എച്ച്), ആരോഗ്യ മന്ത്രാലയം, നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി (എന്‍.എച്ച്.ആര്‍.എ), ബഹ്റൈന്‍ മെഡിക്കല്‍ സൊസൈറ്റി എന്നിവര്‍ നിര്‍ദേശത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.