മനാമ: താമസ നിയമലംഘനം നടത്തിയ 58 പ്രവാസികളെ നാടുകടത്തി. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) മാര്‍ച്ച് 9 മുതല്‍ 15 വരെ നടത്തിയ പരിശോധനയില്‍ 13 നിയമലംഘകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
എല്ലാ ഗവര്‍ണറേറ്റുകളിലുമായി വിവിധ കടകളില്‍ 1,003 പരിശോധ നടത്തിയതായി എല്‍എംആര്‍എ പറഞ്ഞു. കൂടാതെ ക്യാപിറ്റല്‍ ഗവര്‍ണറേറ്റ്, മുഹറഖ് ഗവര്‍ണറേറ്റ്, നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ്, സതേണ്‍ ഗവര്‍ണറേറ്റ് എന്നിവിടങ്ങളിലായി 7 സംയുക്ത പരിശോധനാ കാപെയ്നുകളും നടത്തി. ആഭ്യന്തര മന്ത്രാലയവും ഗവര്‍ണറേറ്റിലെ പോലീസ് ഡയറക്ടറേറ്റും പരിശോധനയില്‍ പങ്കാളികളായി.
അതേസമയം, രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനാ കാപെയ്നുകള്‍ ശക്തമാക്കുമെന്നും തൊഴില്‍ വിപണിയുടെ സ്ഥിരതയെ പ്രതികൂലമായി ബാധിക്കുന്നതോ രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതോ ആയ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ ഏജന്‍സികളുമായി സംയുക്ത ഏകോപനം തുടരുമെന്ന് എല്‍എംആര്‍എ അറിയിച്ചു.