മനാമ: ബഹ്റൈനില്‍ ചില തൊഴില്‍ മേഖലകളില്‍ സമ്പൂര്‍ണമായും സ്വദേശിവല്‍ക്കരണം നടപ്പാക്കാനുള്ള നിര്‍ദേശം എംപിമാര്‍ ഏകകണ്ഠമായി അംഗീകരിച്ചു.
എന്‍ജിനീയറിങ്, കല, ഹ്യൂമണ്‍ റിസോഴ്‌സ്, ഭരണം, മാധ്യമം, പബ്ലിക് റിലേഷന്‍സ്, അക്കൗണ്ടിങ്, ട്രഷറി, സുരക്ഷ, ഡോക്യുമെന്റ് ക്ലിയറിങ്, ടൂറിസ്റ്റ് ഗൈഡുകള്‍, പ്രോട്ടോകോള്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിലെ തൊഴിലുകളിലാണ് സ്വദേശിവല്‍ക്കരണം നടപ്പാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.
സര്‍വീസസ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് അല്‍ ഒലൈവിയുടെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരുടെ നിര്‍ദേശം തുടര്‍പരിശോധനക്കും അംഗീകാരങ്ങള്‍ക്കുമായി മന്ത്രിസഭക്ക് കൈമാറി. ഈ മേഖലകളില്‍ പ്രവാസികളെ നിയമിക്കുന്നത് നിരോധിക്കണമെന്നും ബഹ്‌റൈനികള്‍ക്ക് ലഭിക്കുന്ന മിനിമം വേതനം വര്‍ധിപ്പിക്കണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു.