മനാമ: ബഹ്‌റൈന്‍ പ്രതിഭ ഇഎംഎസ്, എകെജി അനുസ്മരണം സംഘടിപ്പിച്ചു. പ്രതിഭ സെന്ററില്‍ വച്ച് നടന്ന അനുസ്മരണ ചടങ്ങില്‍ പ്രതിഭ പ്രസിഡന്റ് ബിനു മണ്ണില്‍ അനുസ്മരണ പ്രഭാഷണവും പ്രതിഭ രക്ഷാധികാരി സമിതി അംഗം സിവി നാരായണന്‍ രാഷ്ട്രീയ വിശദീകരണവും നടത്തി.
ഇഎംഎസിന്റെ ചരിത്രം കേരളത്തിന്റെ ചരിത്രം കൂടെയാണെന്നും കേരളത്തിന്റെ നിര്‍മ്മിതിയില്‍ വലിയ പങ്ക് വഹിച്ച സുദീര്‍ഘ കാഴ്ചപ്പാടുള്ള ജന നേതാവും ഭരണകര്‍ത്താവുമായിരുന്നു ഇഎംഎസ് എന്നും പാവങ്ങളുടെ പടത്തലവന്‍ എന്നപേരില്‍ അറിയപ്പെട്ട എകെജി ഇന്ത്യന്‍ പാര്‍ലമെന്റിലും പുറത്തും സാധാരണക്കാരായ മനുഷ്യര്‍ക്ക് വേണ്ടി എക്കാലവും നിലകൊണ്ട നേതാവായിരുന്നു എന്നും അനുസ്മരണ പ്രഭാഷണത്തില്‍ ബിനു മണ്ണില്‍ ചൂണ്ടിക്കാട്ടി.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരോട് ഐക്യദാര്‍ഢ്യപ്പെട്ട് നില്‍ക്കാനും വര്‍ഗീയതയും വെറുപ്പും പടര്‍ത്തി നാടിനെ ഭിന്നിപ്പിക്കാനും തകര്‍ക്കാനും ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയാനും ഇഎംഎസിന്റെയും എകെജിയുടെയും ഓര്‍മ്മകള്‍ കരുത്താകണം എന്നും ആനുകാലിക സംഭവ വികാസങ്ങളെ വിശദീകരിച്ചുകൊണ്ട് സിവി നാരായണന്‍ ചൂണ്ടിക്കാട്ടി.
ലോകത്തിനാകെ തന്നെ മാതൃകയായ ഒരു ഭരണഘടനയുള്ള ഒരു രാജ്യമാണ് ഇന്ത്യ. ആ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യ അവകാശങ്ങള്‍ മുഴുവന്‍ പൗരന്മാര്‍ക്കും ലഭ്യമാകുന്ന ഒരു സാഹചര്യം ഇന്ത്യാ രാജ്യത്തുണ്ടാകണം. ഭരണഘടന ഉറപ്പ് നല്‍കുന്ന ഫെഡറല്‍ തത്വങ്ങളുടെ ലംഘനം ഉണ്ടാകുന്ന ബോധപൂര്‍വ്വ സാഹചര്യങ്ങള്‍ ഇല്ലാതാകേണ്ടതുണ്ട്. പ്രകൃതി ദുരന്തബാധിതര്‍ക്ക് സഹായം നല്‍കുന്നതില്‍ പോലും വിവേചനം കാണിക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് ഉറപ്പ് വരുത്തുന്ന ഫെഡറല്‍ അവകാശങ്ങളുടെ പ്രത്യക്ഷമായ ലംഘനമാണ്.
സംസ്ഥാനത്തെ ഭരണ സംവിധാനത്തിന് അത്തരത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിവരുന്ന ജനക്ഷേമ- വികസന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനാകെ മാതൃകയാണ്. നവോത്ഥന നായകരും സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളും ഇഎംഎസും എകെജിയും പോലുള്ള ധിഷണാശാലികളായ നേതാക്കളും ചേര്‍ന്ന് രൂപപ്പെടുത്തിയ കേരളത്തെ മുന്നോട്ട് നയിച്ച് നവകേരളം സൃഷ്ടിക്കാനുള്ള ഇടതുപക്ഷ സര്‍ക്കാരിന് കരുത്ത് പകരാന്‍ ഇഎംഎസിന്റെയും എകെജിയുടെയും ഓര്‍മ്മകള്‍ ഊര്‍ജ്ജമാകട്ടെ എന്നും സിവി നാരായണന്‍ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.
പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, രക്ഷാധികാരി സമിതി അംഗം ഷീബ രാജീവന്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. പ്രതിഭ കേന്ദ്ര ജോയിന്റ് സെക്രട്ടറി മഹേഷ് കെവി സ്വാഗതം ആശംസിച്ച അനുസ്മരണ ചടങ്ങിന് കേന്ദ്ര കമ്മറ്റി അംഗം അനില്‍ കെപി അദ്ധ്യക്ഷത വഹിച്ചു.