മനാമ: വനിതാ സലൂണില്‍ മസാജ് തെറാപ്പിസ്റ്റായി ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ ഏഷ്യന്‍ പൗരന്മാര്‍ കുറ്റക്കാരാണെന്ന് ഹൈ ക്രിമിനല്‍ കോടതി കണ്ടെത്തി. നഗ്‌ന ഫോട്ടോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് മൂന്നംഗ സംഘം യുവതിയെ വേശ്യാവൃത്തിക്ക് ഇരയാക്കിയത്.
ഒരു ദിവസം 20 പുരുഷന്മാര്‍ ചൂഷണം ചെയ്തിരുന്നതായി യുവതി പറയുന്നു. യുവതിയെ മര്‍ദ്ദിക്കുകയും പാസ്പോര്‍ട്ടും ഫോണും പിടിച്ചുവെക്കുകയും പുറത്തുപോകാന്‍ അനുവദിക്കുകയും ചെയ്തില്ല.
ഒന്നാം പ്രതിക്ക് കോടതി അഞ്ച് വര്‍ഷം തടവും മറ്റ് രണ്ട് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം വീതം തടവും വിധിച്ചു. കൂടാതെ, പ്രതികള്‍ 2,000 ദിനാര്‍ വീതം പിഴയും, ഇരയെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവുകളും വഹിക്കണം. ശിക്ഷ അനുഭവിച്ചതിന് ശേഷം പ്രതികളെ നാടുകടത്തും.
2024 നവംബര്‍ മൂന്നിനാണ് യുവതി ബഹ്റൈനില്‍ എത്തിയത്. ആദ്യം യുവതിയെ കുറച്ചു സ്ത്രീകളോടൊപ്പം എക്‌സിബിഷന്‍ ഏരിയയിലെ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി. പിറ്റേദിവസം കൂടെയുള്ള സ്ത്രീകളില്‍ ഒരാള്‍ യുവതിയുടെ നഗ്‌ന ഫോട്ടോകള്‍ എടുത്ത് ഭീഷണിപ്പെടുത്തി വേശ്യാവൃത്തിക്ക് ഇരയാക്കി.
എക്‌സിബിഷന്‍ ഏരിയയിലെ ഹോട്ടലില്‍ നിന്നും യുവതിയെ ഒന്നാം പ്രതിയും രണ്ടാം പ്രതിയും ചേര്‍ന്ന് ജുഫൈര്‍ പ്രദേശത്തെ മറ്റൊരു ഹോട്ടലിലേക്ക് മാറ്റി. ഇരയെ ചൂഷണം ചെയ്യാന്‍ ആളുകളെ എത്തിച്ചിരുന്നത് മൂന്നാം പ്രതിയാണ്. 2025 ജനുവരി രണ്ടിന് ഇര രക്ഷപ്പെടുകയും പോലീസില്‍ അഭയം തേടുകയുമായിരുന്നു.