മനാമ: ടേബിള്‍ ടെന്നീസ് പാഡലുകളിലും ബോളുകളിലും ഒളിപ്പിച്ച നിലയില്‍ 55,335 മയക്കുമരുന്ന് ഗുളികകള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. വിദേശത്തുനിന്നും വന്ന ഒരു പാഴ്‌സലിലാണ് മയക്കുമരുന്ന് ഉണ്ടായിരുന്നത്.
സംഭവത്തില്‍ ഒരു ഗള്‍ഫ് പൗരനും രണ്ട് ഏഷ്യക്കാര്‍ക്കും ഹൈ ക്രിമിനല്‍ കോടതി അഞ്ച് വര്‍ഷം തടവുശിക്ഷ വിധിച്ചു. 3,000 ദിനാര്‍ വീതം പിഴയും അടക്കണം. ശിക്ഷാകാലാവധിയ്ക്ക് ശേഷം ഇവരെ നാടുകടത്താനും ഉത്തരവിട്ടു.
എക്‌സ്-റേ സ്‌കാനില്‍ സംശയം തോന്നിയാണ് കസ്റ്റംസ് പാഴ്‌സല്‍ പരിശോധിച്ചത്. തുടര്‍ന്ന് ആയിരക്കണക്കിന് ടാബ്ലെറ്റുകള്‍ നിറച്ച പാഡലുകളും ബോളുകളും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പാഴ്‌സല്‍ വിലാസത്തില്‍ ബന്ധപ്പെട്ടപ്പോള്‍ ഹോം ഡെലിവറിയാണ് ആവശ്യപ്പെട്ടത്.
തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഡെലിവറി സ്വീകരിച്ച ഏഷ്യന്‍ പൗരനെ അറസ്റ്റുചെയ്തു. ഇയാള്‍ ഒരു കെട്ടിടത്തിന്റെ സെക്ക്യൂരിറ്റി ജീവനക്കാരനാണ്. ഇയാള്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് മറ്റുള്ളവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.