മനാമ: ലോക സന്തോഷ സൂചികയില്‍ മുന്നേറ്റവുമായി ബഹ്‌റൈന്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 59-ാം സ്ഥാനത്താണ് നിലവില്‍ ബഹ്‌റൈന്‍. പട്ടികയില്‍ ആകെ 147 രാജ്യങ്ങളാണുള്ളത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കുകള്‍ പ്രകാരം രാജ്യത്തിന്റെ സന്തോഷ സൂചികയില്‍ ഇടിവ് സംഭവിച്ചിരുന്നു. രാജ്യം കൈവരിച്ച ഏറ്റവും വലിയ റാങ്കിങ് 2020ല്‍ നേടിയ 22-ാം സ്ഥാനമാണ്. ഏറ്റവും കുറഞ്ഞത് 2012ലെ 79-ാം സ്ഥാനവും.
പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ 21-ാം സ്ഥാനം നേടി യു.എ.ഇ ഒന്നാമതുണ്ട്. തൊട്ടുപിന്നാലെ കുവൈത്ത് 30-ാമതും സൗദി അറേബ്യ 32-ാമതും ഒമാന്‍ 52-ാമതും സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചു. എന്നാല്‍, ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ ഖത്തര്‍ ഉള്‍പ്പെട്ടിട്ടില്ല. ഫിന്‍ലന്‍ഡാണ് പട്ടികയില്‍ മുന്നിലുള്ളത്.
ഡെന്‍മാര്‍ക്ക്, ഐസ്ലന്‍ഡ്, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് സൂചികയില്‍ രണ്ട് മൂന്നും നാലും സ്ഥാനത്ത്. നെതര്‍ലാന്‍ഡ്സ്, കോസ്റ്റാറിക്ക, നോര്‍വെ, ഇസ്രയേല്‍, ലക്‌സംബര്‍ഗ്, മെക്സിക്കോ എന്നിവയാണ് ആദ്യ പത്തിലെ മറ്റ് രാജ്യങ്ങള്‍. പട്ടികയില്‍ എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 118-ാമതാണ് ഇന്ത്യയുടെ സ്ഥാനം.
ലോകമെമ്പാടുമുള്ള ഒരു ലക്ഷത്തിലധികം ജനങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും വിലയിരുത്തിയാണ് റാങ്കിങ് കണക്കാക്കിയത്.