മനാമ: ബഹ്‌റൈനില്‍ അനധികൃത നഴ്‌സറികള്‍ക്കെതിരെ നിയമം ശക്തമാക്കാനൊരുങ്ങി അധികൃതര്‍. നിയമ ലംഘകര്‍ക്ക് കനത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമത്തിന്‍മേലുളള ചര്‍ച്ച ഞായറാഴ്ച ശൂറാ കൗണ്‍സിലില്‍ നടക്കും. നിലവിലെ നിയമത്തിലെ പഴുതുകള്‍ പൂര്‍ണമായും അടച്ചു കൊണ്ടാണ് പുതിയ നിയമം.
നിലവിലെ ശിശു നിയമത്തിലെ 63-ാം ആര്‍ട്ടിക്കിള്‍ പ്രകാരം നിയമ ലംഘനങ്ങളില്‍ ലൈസന്‍സ് ഉള്ളവര്‍ക്കും ലൈസന്‍സില്ലാതെ അനധികൃതമായി നഴ്‌സറി തുടങ്ങുന്നവര്‍, പ്രവര്‍ത്തിപ്പിക്കുന്നവര്‍, മാറ്റങ്ങള്‍ വരുത്തുന്നവര്‍ എന്നിവര്‍ക്ക് ശിക്ഷ വിധിക്കുന്നതില്‍ വേര്‍തിരിവില്ല. ഈ വ്യവസ്ഥ ഭേദഗതി ചെയ്തുകൊണ്ടുള്ളതാണ് പുതിയ നിയമം.
ലൈസന്‍സില്ലാതെ നഴ്‌സറികള്‍ നടത്തുന്നവര്‍ക്കും അല്ലെങ്കില്‍ മന്ത്രിതല അനുമതി നേടുന്നതില്‍ പരാജയപ്പെടുന്നവര്‍ക്കും മാത്രമായി കനത്ത ശിക്ഷ ചുമത്തുന്നതാണ് പുതിയ നിയമം.
നിലവിലെ നിയമത്തില്‍ നഴ്‌സറി തുടങ്ങാന്‍ ലൈസന്‍സ് വേണമെന്ന് പറയുന്നുണ്ടെങ്കിലും നഴ്‌സറി മറ്റൊരു സ്ഥലത്തേക്ക് മാറ്റുക, വിപുലീകരിക്കുക അല്ലെങ്കില്‍ കെട്ടിടത്തിന് മാറ്റം വരുത്താനുള്ള അനുമതി എന്നീ കാര്യങ്ങളിലെ ചട്ടങ്ങള്‍ സംബന്ധിച്ച് വ്യക്തതയില്ല. എന്നാല്‍ ഈ കാര്യങ്ങളിലെല്ലാം കൂടുതല്‍ വ്യക്തത ഉറപ്പാക്കുന്നതാണ് പുതിയ നിയമം.