മനാമ: സതേണ്‍ ഗവര്‍ണറേറ്റിലെ ഖലീഫ സിറ്റി ജലവിതരണ സ്റ്റേഷനില്‍ സോളാര്‍ പവര്‍ സിസ്റ്റം സ്ഥാപിക്കല്‍ വൈദ്യുതി, ജല അതോറിറ്റി (ഇഡബ്ല്യുഎ) പൂര്‍ത്തിയാക്കി. പുനരുപയോഗ ഊര്‍ജ്ജത്തിലേക്കുള്ള രാജ്യത്തിന്റെ പരിവര്‍ത്തനത്തിന്റെ ഒരു സുപ്രധാന നാഴികക്കല്ലാണിത്.
2,032 സോളാര്‍ പാനലുകളില്‍നിന്ന് പരമാവധി 1,400 കിലോവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവുമെന്നാണ് കണക്കാക്കുന്നത്. കൂടാതെ അധിക വൈദ്യുതി ദേശീയ ഗ്രിഡിലേക്ക് കയറ്റുമതി ചെയ്യാന്‍ സാധിക്കുമെന്ന് ഇഡബ്ല്യുഎ ചെയര്‍മാന്‍ കമാല്‍ അഹമ്മദ് പറഞ്ഞു. സോളാര്‍ ഊര്‍ജ സംവിധാനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്ന അതോറിറ്റിയുടെ കീഴിലുള്ള പതിനൊന്നാമത്തെ സ്ഥാപനമാണ് ഖലീഫ ടൗണ്‍ വാട്ടര്‍ ഡിസ്ട്രിബ്യൂഷനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശുദ്ധമായ ഊര്‍ജത്തിലുള്ള ആശ്രയം വര്‍ധിപ്പിക്കുക, കാര്‍ബണ്‍ ഉദ്വമനം കുറക്കുക, പുനരുപയോഗ ഊര്‍ജത്തില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, സുസ്ഥിരമായ ഭാവിയിലേക്ക് സംഭാവന നല്‍കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ രാജ്യത്ത് ഏകദേശം 74 മെഗാവാട്ട് സൗരോര്‍ജമാണ് ദേശീയ ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുള്ളത്.