മനാമ: രാജ്യത്ത് അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ക്ക് ഇനിമുതല്‍ മോട്ടോര്‍ സൈക്കിള്‍ ആംബുലന്‍സും. എല്ലാ ഗവര്‍ണറേറ്റുകളിലുമുള്ള തിരക്കേറിയ സ്ഥലങ്ങളിലും ഇടുങ്ങിയ തെരുവുകളിലും വൈദ്യസഹായം ആവശ്യമുള്ളവര്‍ക്ക് കാലതാമസമില്ലാതെ എത്തിച്ചേരുക എന്നതാണ് മോട്ടോര്‍ സൈക്കിള്‍ ആംബുലന്‍സിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു.
ദേശീയ ആംബുലന്‍സ് സെന്ററിന്റെ പ്രവര്‍ത്തനങ്ങളും സജ്ജീകരണങ്ങളും സന്ദര്‍ശിക്കാനെത്തിയ പബ്ലിക് സെക്യൂരിറ്റി ചീഫ് ലെഫ്റ്റനന്റ് ജനറല്‍ താരിഖ് അല്‍ ഹസ്സന്‍ മോട്ടോര്‍ സൈക്കിള്‍ ആംബുലന്‍സ് നോക്കിക്കാണുകയും വിലയിരുത്തുകയും ചെയ്തു. കൂടാതെ ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാവിധ സഹകരണവും അറിയിച്ചു. കഴിഞ്ഞവര്‍ഷം അവസാനത്തോടെയാണ് ഈ സേവനം ഔദ്യോഗികമായി ആരംഭിച്ചത്.
നാഷണല്‍ ആംബുലന്‍സ്, സര്‍ക്കാര്‍ ആശുപത്രികള്‍, ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സ് ആശുപത്രി, കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍, മുഹമ്മദ് ബിന്‍ ഖലീഫ സ്‌പെഷ്യലിസ്റ്റ് കാര്‍ഡിയാക് സെന്റര്‍ എന്നിവയുമായുള്ള സഹകരണം മോട്ടോര്‍ സൈക്കിള്‍ ആംബുലസിനുണ്ട്.