മനാമ: ചെറുകിട ബിസിനസുകാരെ പ്രതിസന്ധിയിലാക്കുന്ന നിയമങ്ങള്‍ പുനപ്പരിശോധിക്കണമെന്ന് വ്യവസായ വാണിജ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ട് എംപിമാര്‍. എംപിമാരായ ജലീല അലവി, ഡോ. ഹിഷാം അല്‍ അഷിരി, മൊഹ്സെന്‍ അല്‍ അസ്ബൂള്‍, ഹസ്സന്‍ ബുഖാമസ്, മുഹമ്മദ് ജനാഹി എന്നിവര്‍ ഉന്നയിച്ച വിഷയം ചൊവ്വാഴ്ച പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും.
സമീപകാല മാറ്റങ്ങള്‍ ബിസിനസുകള്‍ക്ക് മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെന്ന് എംപിമാര്‍ പറഞ്ഞു. സാമ്പത്തിക കാര്യ സമിതി ഈ നിര്‍ദേശത്തെ പിന്തുണച്ചു. വിപണി സ്ഥിരപ്പെടുത്തുന്നതിനുപകരം മാറ്റങ്ങള്‍, സത്യസന്ധരായ വ്യാപാരികളെ തകര്‍ച്ചയില്ലെയ്ക്ക് തള്ളിയിടുകയും പഴുതുകള്‍ ചൂഷണത്തിലേക്കുള്ള വാതില്‍ തുറന്നിടുകയും ചെയ്തുവെന്ന് എംപി ജലീല അലവി പറഞ്ഞു.
ഈ പ്രമേയം പാസായാല്‍, സാമ്പത്തിക പരിധികളില്ലാതെ ബിസിനസുകള്‍ക്ക്, പ്രത്യേകിച്ച് ചെറുകിട ബിസിനസുകള്‍ക്ക് വ്യാപാരം തുടരാന്‍ അനുവദിക്കുന്ന മൂലധന ഘടന പരിഷ്‌കരിക്കാന്‍ മന്ത്രാലയത്തോട് ആവശ്യപ്പെടും.