മനാമ: ബഹ്റൈനില്‍ തദ്ദേശീയരായ നഴ്സുമാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യം. ഇതിനായി നഴ്സിംഗ് സ്‌കോളര്‍ഷിപ്പുകള്‍ കൂടുതല്‍ നല്‍കണമെന്ന് എംപി മംദൂഹ് അല്‍ സാലിഹ് ആവശ്യപ്പെട്ടു. വിഷയം ചൊവ്വാഴ്ച പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും.
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഒരുപോലെ തദ്ദേശീയരായ നഴ്സുമാരെ നിയമിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രവാസി നഴ്സുമാര്‍ക്ക് പകരം ബഹ്റൈനി നഴ്‌സുമാരെ നിയമിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. നിര്‍ദേശം അവലോകനം ചെയ്ത സര്‍വീസസ് കമ്മിറ്റി വിഷയത്തെ പിന്തുണക്കണമെന്ന് പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടു.
അതേസമയം, തൊഴില്‍ വിപണി ആവശ്യങ്ങള്‍ വിലയിരുത്തുന്നതിനായി കോളേജ് ഓഫ് ഹെല്‍ത്ത് സയന്‍സസുമായും സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്തുമായും ഇതിനകം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബാച്ചിലേഴ്സ് ഡിഗ്രി കോഴ്സില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രാലയം അറിയിച്ചു.
അടുത്ത അധ്യയന വര്‍ഷത്തേക്ക് 300 നഴ്സിംഗ് സ്‌കോളര്‍ഷിപ്പുകള്‍ അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ബജറ്റും വ്യത്യസ്ത മന്ത്രാലയങ്ങളുടെ ആവശ്യങ്ങളും അനുസരിച്ച് സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം വര്‍ഷം തോറും വ്യത്യാസപ്പെടുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.