മനാമ: ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ ഇന്‍ഡക്സിന്റെ 37-ാമത് പതിപ്പില്‍ ആഗോള തലത്തില്‍ ബഹ്റൈന്‍ 75-ാം സ്ഥാനത്ത്. 677 പോയിന്റ് നേടി റാങ്കിംഗില്‍ അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഒമ്പതാം സ്ഥാനത്തും ഗള്‍ഫ് രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്തുമാണ്.
കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ Z/Yen ഗ്രൂപ്പും ചൈന ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുമാണ് പട്ടിക തയ്യാറാക്കിയത്. ഓണ്‍ലൈന്‍ സര്‍വേയില്‍ പങ്കെടുത്ത ആയിരക്കണക്കിന് സാമ്പത്തിക സേവന പ്രൊഫഷണലുകളില്‍ നിന്നുള്ള ഡാറ്റയും സര്‍വേ ഫലങ്ങളും ഉപയോഗിച്ച് 119 സാമ്പത്തിക കേന്ദ്രങ്ങളെ സൂചിക വിലയിരുത്തുന്നു.
ദുബൈ അറബ് ലോകത്തും മേഖലയിലും ഒന്നാമതും ആഗോളതലത്തില്‍ 12-ാം സ്ഥാനത്തുമാണ്. അബുദാബി ആഗോളതലത്തില്‍ 38-ാം സ്ഥാനത്തും ഗള്‍ഫ് രാജ്യങ്ങളില്‍ രണ്ടാമതുമാണ്.
റിയാദ് ഗള്‍ഫ് മേഖലയില്‍ മൂന്നാമതും ആഗോളതലത്തില്‍ 71-ാം സ്ഥാനത്തും ദോഹ ആഗോളതലത്തില്‍ 73-ാം സ്ഥാനത്തും ഗള്‍ഫ് മേഖലയില്‍ നാലാമതുമാണ്. കുവൈത്ത് ആഗോളതലത്തില്‍ 80-ാം സ്ഥാനത്തും ഗള്‍ഫ് മേഖലയില്‍ ആറാമതുമാണ്.
എല്ലാ മാര്‍ച്ചിലും സെപ്റ്റംബറിലും പ്രസിദ്ധീകരിക്കുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നതാണ് ഈ പട്ടിക. ഇത് ആഗോള സാമ്പത്തിക മേഖലയില്‍ നിന്ന് കാര്യമായ ശ്രദ്ധ ആകര്‍ഷിക്കുന്നു എന്നത് ശ്രദ്ധേയമാണ്.