മനാമ: 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ഔദ്യോഗികമായി പാര്‍ലമെന്റ് സ്പീക്കര്‍ക്ക് കൈമാറി. ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫ പാര്‍ലമെന്റ് സ്പീക്കര്‍ അഹ്‌മദ് ബിന്‍ സല്‍മാന്‍ അല്‍ മുസല്ലത്തിനാണ് കൈമാറിയത്.
ഗുദൈബിയയിലെ നാഷണല്‍ അസംബ്ലി കോംപ്ലക്‌സിലാണ് ബജറ്റ് അവതരിപ്പിച്ചത്. പാര്‍ലമെന്റ്, ഷൂറ കൗണ്‍സില്‍ കാര്യ മന്ത്രി ഗാനിം അല്‍ ബുഐനൈന്‍, പാര്‍ലമെന്റ് സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ബുഐനൈന്‍, മുതിര്‍ന്ന എംപിമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവതരണം.
വാറ്റ് നികുതി നിലനിര്‍ത്തുക, സിന്‍ ടാക്‌സ് (പാപനികുതി) വര്‍ധിപ്പിക്കുക തുടങ്ങി വരാനിരിക്കുന്ന ബജറ്റില്‍ പരിഗണിക്കുന്ന എട്ട് പ്രധാന തീരുമാനങ്ങള്‍ കഴിഞ്ഞ ദിവസത്തെ സംയുക്തയോഗത്തില്‍ സമവായത്തില്‍ എത്തിയിരുന്നു.
ബഹ്റൈന്‍ സാമ്പത്തിക സ്ഥിരത കൈവരിക്കാനും, സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും, പൗരന്മാരുടെ ജീവിതനിലവാരം ഉയര്‍ത്താനും ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികള്‍ ഈ ബജറ്റില്‍ ഉള്‍ക്കൊള്ളുന്നുണ്ട്.