മനാമ: ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായ വോയ്സ് ഓഫ് ആലപ്പി, കിംസ് ഹെല്‍ത്തുമായി സഹകരിച്ച് ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു. ‘ചേര്‍ന്ന് നില്‍ക്കുന്നവരുടെ ചിരി മായാതിരിക്കാം’ എന്ന തലക്കെട്ടില്‍ ‘നേര്‍വഴി’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി ഉമല്‍ഹസ്സത്തെ കിംസ് ഹോസ്പിറ്റല്‍ ഹാളില്‍ വച്ചാണ് സംഘടിപ്പിച്ചത്.
നൂറിലധികം കുട്ടികളും മാതാപിതാക്കളും പങ്കെടുക്കുകയും ലഹരിയുടെ ദുരുപയോഗത്തെക്കുറിച്ചുള്ള അവബോധം നേടുകയും ചെയ്തു. മൂന്ന് സെഷനുകളായാണ് സെമിനാര്‍ നടന്നത്. കിംസ് ഹെല്‍ത്ത് ഹോസ്പിറ്റലിലെ പ്രശസ്ത മനോരോഗ വിദഗ്ധന്‍ ഡോ. അമല്‍ എബ്രഹാം നയിച്ച ആദ്യ സെഷന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ലഹരിക്കെതിരെ എങ്ങനെ പ്രതിരോധം തീര്‍ക്കാം എന്നതില്‍ കൃത്യമായ അവബോധം സൃഷ്ടിക്കുന്നതായിരുന്നു.
കുട്ടികള്‍ ലഹരിക്ക് അടിമപ്പെടാതെ നേര്‍വഴിയിലേക്ക് കടക്കണമെങ്കില്‍ രക്ഷിതാക്കളാണ് ആദ്യം മികച്ച മാതൃക കാണിക്കേണ്ടത് എന്ന് രക്ഷകര്‍ത്താക്കള്‍ക്ക് വേണ്ടിയുള്ള രണ്ടാമത്തെ സെഷനില്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ പറഞ്ഞു. എല്ലാവിധ ലഹരി ആസക്തികളും ഒഴിവാക്കേണ്ടത് കുടുംബങ്ങളില്‍ നിന്ന് ആകണമെന്നും ഒരു നല്ല കുടുംബം ഉണ്ടാകുമ്പോള്‍ നല്ല കുട്ടികള്‍ രൂപപ്പെടുമെന്നും അതിലൂടെ നല്ല പൗരന്മാരും നല്ല സമൂഹവും നല്ല രാജ്യവും സൃഷ്ടിക്കപ്പെടുമെന്നും അനുഭവങ്ങള്‍ നിരത്തിക്കൊണ്ട് അദ്ദേഹം അവബോധം സൃഷ്ടിച്ചു.
സെമിനാറിലെ മൂന്നാമത്തെ സെഷനില്‍ മാധ്യമപ്രവര്‍ത്തകനും പ്രശസ്ത കൗണ്‍സിലറുമായ പ്രദീപ് പുറവങ്കര, ലഹരിയുടെ വ്യാപ്തി എത്രത്തോളം എത്തിയിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള കണക്ക്, പഠനങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി കൃത്യമായ വിവരണം നല്‍കി. ബഹ്റൈനില്‍ നിന്നടക്കം കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടിയ മയക്ക് മരുന്നിന്റെ കണക്കുകള്‍ നിരത്തിയത് തങ്ങളുടെ കുട്ടികള്‍ സുരക്ഷിതരാണെന്ന രക്ഷിതാക്കളുടെ മിഥ്യാധാരണ തിരുത്തുന്നതായിരുന്നു. തുടര്‍ന്ന് സെമിനാര്‍ നയിച്ചവര്‍ക്ക് ഉപഹാരം നല്‍കി.
ഡോ. അമല്‍ എബ്രഹാമിന് വോയ്സ് ഓഫ് ആലപ്പി എക്‌സിക്യൂട്ടീവ് കമ്മറ്റിയും അഡ്വ. ബിനു മണ്ണിലിന് വോയ്സ് ഓഫ് ആലപ്പി ലേഡീസ് വിങ് എക്‌സിക്യൂട്ടീവ് കമ്മറ്റിയും പ്രദീപ് പുറവങ്കരയ്ക്ക് ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തകരും ഉപഹാരം കൈമാറി.
സെമിനാറിന് ശേഷം കുട്ടികളും മാതാപിതാക്കളും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. മലയാളത്തിലുള്ള പ്രതിജ്ഞ അഹന പ്രസന്നനും ഇംഗ്ലീഷിലുള്ള പ്രതിജ്ഞ അദ്വൈത് അജിത്തും ചൊല്ലിക്കൊടുത്തു. വോയ്സ് ഓഫ് ആലപ്പി രക്ഷാധികാരികളായ ഡോ. പിവി ചെറിയാന്‍, സോമന്‍ ബേബി, കെആര്‍ നായര്‍, അനില്‍ യുകെ, കിംസ് ഹെല്‍ത്ത് മാര്‍ക്കറ്റിംഗ് ഹെഡ് പ്യാരിലാല്‍ ഉള്‍പ്പടെ ബഹ്റൈനിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സെമിനാറില്‍ സന്നിഹിതരായിരുന്നു.