മനാമ: പ്രവാസികള്‍ക്കും വിദേശ സന്ദര്‍ശകര്‍ക്കും നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കാനൊരുങ്ങി ബഹ്റൈന്‍. 2025-2026 ലെ കരട് ബജറ്റില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം അനുസരിച്ച് 686,000 പ്രവാസികളും അവരുടെ ആശ്രിതരും 1.6 ദശലക്ഷത്തിലധികം വരുന്ന വാര്‍ഷിക സന്ദര്‍ശകരും ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കേണ്ടി വരും.
പൊതുമേഖല ആശുപത്രികളിലെ സമ്മര്‍ദ്ദം ലഘൂകരിക്കുക, അടിയന്തര വൈദ്യ പരിചരണത്തിനുള്ള സര്‍ക്കാര്‍ ചെലവ് കുറയ്ക്കുക, ആരോഗ്യ സേവനങ്ങളിലേക്ക് തുല്യമായ പ്രവേശനം ഉറപ്പാക്കുക എന്നിവയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.
പദ്ധതി പ്രകാരം സന്ദര്‍ശകര്‍ക്ക് അധിക വിസ ഫീസ് നല്‍കേണ്ടിവരും. അതേസമയം, പ്രവാസി താമസക്കാര്‍ക്കുള്ള നിലവിലുള്ള അടിസ്ഥാന ആരോഗ്യ പരിരക്ഷാ ഫീസ് സംവിധാനം നിര്‍ത്തലാക്കും. മുമ്പ് സംസ്ഥാന ആരോഗ്യ പരിരക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ആശ്രിതര്‍ക്ക് ഇപ്പോള്‍ ഇന്‍ഷൂറന്‍സ് ലഭിക്കും.