ബഹ്‌റൈന്‍: ‘ലഹരിയെ തുരത്താം, ജീവിതം തിരുത്താം’ എന്ന പ്രമേയവുമായി എസ്‌കെഎസ്എസ്എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജനകീയ പ്രചാരണത്തിന്റെ ഭാഗമായി ചെറിയ പെരുന്നാള്‍ നിസ്‌കാര ശേഷം സമസ്ത ബഹ്‌റൈന്‍ കേന്ദ്ര-ഏരിയ കമ്മറ്റികളുടെയും ബഹ്‌റൈന്‍ റെഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെയും സഹകരണത്തോടെ ബഹ്‌റൈനിലുടനീളം ലഹരിക്കെതിരെ ബഹുജന പ്രതിജ്ഞ സംഗമം സംഘടിപ്പിച്ചു.
എസ്‌കെഎസ്എസ്എഫ് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് ഫക്‌റുദ്ധീന്‍ സയ്യിദ് പൂക്കോയ തങ്ങള്‍ മനാമയിലും വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് യാസിര്‍ ജിഫ്രി തങ്ങള്‍ ഹിദ്ദ് ഏരിയയിലും ജനറല്‍ സെക്രട്ടറി എസ്എം അബ്ദുല്‍ വാഹിദ്, വര്‍ക്കിംഗ് പ്രസിഡന്റ് വികെ കുഞ്ഞഹമ്മദ് ഹാജി, ഓര്‍ഗനൈസിംഗ് സെക്രട്ടറി മോനു മുഹമ്മദ്, ട്രഷറര്‍ ഉമൈര്‍ വടകര, ജോയിന്റ് സെക്രട്ടറി റാഷിദ് കക്കട്ടില്‍ എന്നിവര്‍ ജിദ്ഹഫ്‌സ് ഏരിയയിലും സമസ്ത ഏരിയ നേതാക്കളും റേഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമിന്‍ നേതാക്കളും മദ്‌റസ ഭാരവഹികളും ചേര്‍ന്ന് മറ്റ് ഏരിയകളിലും പ്രതിജ്ഞ സംഗമത്തിന് നേതൃത്വം നല്‍കി.
സമസ്ത വൈസ് പ്രസിഡന്റ് ഹാഫിള് ശറഫുദ്ധീന്‍ മൗലവി, സമസ്ത ജിദ്ഹഫ്‌സ് ഏരിയ പ്രസിഡന്റ് കരീം മൗലവി, സെക്രട്ടറി ഷമീര്‍ പേരാമ്പ്ര, എസ്‌കെഎസ്എസ്എഫ് ജനറല്‍ സെക്രട്ടറി നവാസ് കുണ്ടറ, ജോയിന്‍ സെക്രട്ടറി അഹമ്മദ് മുനീര്‍ തുടങ്ങിയവര്‍ ജിദ്ഹഫ്‌സ് ഏരിയ പ്രതിജ്ഞ സംഗമത്തില്‍ സന്നിഹിതരായിരുന്നു.
സംസ്ഥാനത്തിലുടനീളം മഹല്ല് ഭാരവാഹികള്‍, ഖത്വീബ്, സുന്നി യുവജന സംഘം ഭാരവാഹികള്‍, മദ്‌റസ അധ്യാപകര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ലഹരി വിരുദ്ധ പ്രതിജ്ഞാ സംഗമത്തിന് നേതൃത്വം നല്‍കും. പെരുന്നാള്‍ ദിനത്തിലെ ആഘോഷങ്ങളില്‍ ലഹരിയെന്ന മഹാ വിപത്തിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളാവുകയും അതത് പ്രദേശങ്ങളിലെ ജന മനസ്സുകളിലെ ബോധവല്‍കരണവുമാണ് ഇതിലൂടെ സാധ്യമാകുന്നത്.
റമളാനിന് ശേഷം സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ വ്യാപകമായി രീതിയില്‍ ലഹരി വിരുദ്ധ പ്രചാരണം സാധ്യമാകുന്ന രീതിയില്‍ വിവിധ പരിപാടികളാണ് എസ്‌കെഎസ്എസ്എഫ് സ്റ്റേറ്റ് കമ്മിറ്റി ആസൂത്രണം ചെയ്തിട്ടുളളത്. ജനകീയ പ്രചാരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കഴിഞ്ഞ 22 ന് താമരശ്ശേരിയില്‍ വെച്ചാണ് നടന്നത്.
ലഹരിക്കെതിരെ ജനകീയ ജാഗ്രതാ സമിതികള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ സംഘടന മുന്‍കൈയ്യെടുത്ത് ജനപ്രതിനിധികളേയും പൗരപ്രമുഖരേയും ഉള്‍പ്പെടുത്തി വിവിധ പരിപാടികളും, കുടുംബകം (കുടുംബ സംഗമം), പ്രത്യേക കൗണ്‍സിലിംഗ് ക്യാമ്പുകള്‍, സഹവാസ ക്യാമ്പുകള്‍ തുടങ്ങിയവ സംഘടിപ്പിക്കും.
കാമ്പയിന്‍ കാലയളവില്‍ കൗമാരക്കാരായ വിദ്യാര്‍ത്ഥികളുടെ പ്രത്യേക കേഡറ്റ് രൂപീകരണം, എസ്‌കെഎസ്എസ്എഫ് ഇബാദ് ഖാഫിലയുടെ നേതൃത്വത്തില്‍ പോസ്റ്റര്‍-റീല്‍സ് നിര്‍മ്മാണ മത്സരങ്ങള്‍, ജില്ലാതല പാനല്‍ ടോക്, ലഘുലേഖ വിതരണം, ഡോക്യുമെന്ററി പ്രദര്‍ശനം, ജനജാഗ്രത സദസ്സ് തുടങ്ങിയവ കേരളത്തിലുടനീളവും പുറത്തുമായി നടക്കും. കൂടാതെ ലഹരി മുക്ത സമൂഹത്തിന്റെ സാക്ഷാത്കാരത്തിനായി സംഘടന ആവിഷ്‌കരിച്ച പദ്ധതികളും നിര്‍ദേശങ്ങളുമടങ്ങിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സമര്‍പ്പിക്കും.
ബഹുജന പ്രതിജ്ഞ വിജയിപ്പിക്കുന്നതിന് പ്രവര്‍ത്തകര്‍ കര്‍മ്മ രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവും അഭ്യര്‍ത്ഥിച്ചു.