മനാമ: അരനൂറ്റാണ്ട് കാലം (47 വര്‍ഷം) ബഹ്റൈനില്‍ കഴിഞ്ഞതിന് ശേഷം തന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശമായ മയ്യഴിയിലേക്ക് യാത്രയാകുന്ന പുതിയപുരയില്‍ റെഷീദിനും കുടുംബത്തിനും പവിഴദ്വീപിലെ മയ്യഴിക്കാരുടെ കൂട്ടായ്മയായ ‘ഗോള്‍ഡന്‍ ഹാന്‍ഡ്സ്’ യാത്രയയപ്പ് നല്‍കി.
വി.സി താഹിര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുജീബ് മാഹി സ്വാഗതം പറഞ്ഞു. ഇത്രയും നീണ്ട കാലത്തെ പ്രവാസ ജീവിതത്തിന് ശേഷം സ്വദേശത്തേക്ക് മടങ്ങുന്ന റഷീദിന് ശിഷ്ട ജീവിതം സംതൃപ്തി നിറഞ്ഞതാകട്ടെ എന്ന് വി.പി ഷംസുദ്ദീന്‍, ജാവേദ് ടി.സി.എ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് പറഞ്ഞു.
കൂട്ടായ്മ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ പങ്ക് തികച്ചും അനിഷേധ്യമാണെന്നും ആ വിടവ് നികത്താന്‍ നാട്ടില്‍ നിന്നു കൊണ്ടും സംഘടനയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ആശംസ നേര്‍ന്ന് സംസാരിച്ച റഷീദ് മാഹി അഭ്യര്‍ത്ഥിച്ചു.
പ്രവര്‍ത്തനകാലയളവില്‍ കൂട്ടായ്മയിലെ ഓരോ അംഗങ്ങളും നല്‍കിയ സഹകരണം മറുപടി പ്രസംഗത്തില്‍ പി.പി റഷീദ് എടുത്തു പറഞ്ഞു. തുടര്‍ന്ന് അങ്ങോട്ടും തന്റെ സഹകരണം പ്രതീക്ഷിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. വി.സി നിയാസ്, റിജാസ് റഷീദ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.