മനാമ: മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പഴം, പച്ചക്കറി ട്രക്കുകളുടെ തിരക്ക് കുറക്കാന്‍ നിര്‍ദേശം. മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈല്‍ അല്‍ മുബാറക് ബിലാദ് അല്‍ ഖദീമിലെ ബോര്‍ഡിന്റെ ആസ്ഥാനം സന്ദര്‍ശിച്ച വേളയില്‍ കാപ്പിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് ചെയര്‍മാന്‍ സാലിഹ് തറാദയാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. നിലവില്‍ അയല്‍ രാജ്യങ്ങളില്‍ നിന്നടക്കം ദിവസവും 80 മുതല്‍ 100 വരെ ട്രക്കുകളാണ് മാര്‍ക്കറ്റില്‍ ലോഡുമായെത്തുന്നത്.
ഈ ട്രക്കുകള്‍ രണ്ടാഴ്ചയോളം മാര്‍ക്കറ്റില്‍തന്നെ പാര്‍ക്ക് ചെയ്യേണ്ടി വരുന്നുണ്ട്. ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സാധാരണയായി പഴങ്ങളും പച്ചക്കറികളും കേടുവരാതിരിക്കാനായി ട്രക്കിലെ റഫ്രിജറേറ്ററില്‍തന്നെ സൂക്ഷിക്കുകയാണ് പതിവ്. ഇതിനായി മുഴുവന്‍ സമയവും ട്രക്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കും. ഇതിന് പരിഹാരമായി ട്രക്കുകള്‍ക്ക് ബാന്‍സ് ഗ്രൂപ്പിന്റെ മിന സല്‍മാനിലെ അത്യാധുനിക സൗകര്യങ്ങളില്‍ ലോഡുകള്‍ സൂക്ഷിക്കാനായി സംഭരണ സ്ഥലം പാട്ടത്തിന് നല്‍കാനാണ് തറാദ നിര്‍ദേശിക്കുന്നത്.
നിര്‍ദേശം പ്രാബല്യത്തിലായാല്‍ മാര്‍ക്കറ്റിലെ തിരക്കും പരിസ്ഥിതി മലിനീകരണവും കുറയ്ക്കാനാവും. മന്ത്രിയോടൊപ്പം മുനിസിപ്പാലിറ്റി അഫയേഴ്സ് അണ്ടര്‍ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ, ക്യാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ സെഹ്ല എന്നിവരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.