മനാമ: ബഹ്‌റൈനിലെ ജയിലില്‍ 181 ഇന്ത്യക്കാര്‍ ഉണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദേശകാര്യ മന്ത്രാലയം ഇ.ടി മുഹമ്മദ് ബഷീര്‍ എംപിക്ക് കഴിഞ്ഞ മാസം ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളിലുള്ള ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ആറ് ഗള്‍ഫ് രാജ്യങ്ങളിലായി 6478 ഇന്ത്യക്കാരാണ് വിവിധ കേസുകളിലായി ജയിലുകളിലുള്ളത്.
സൗദിഅറേബ്യയില്‍ 2,633, യുഎഇയില്‍ 2,518, കുവൈത്ത്-387, ഒമാന്‍- 148, ഖത്തര്‍ -611 എന്നിങ്ങനെയാണ് മറ്റു ജിസിസി രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം. കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നവരും വിചാരണയിലുള്ളവരും ഉള്‍പ്പെടെയാണ് ഈ കണക്ക്.
പല രാജ്യങ്ങളിലെയും ജയിലുകളില്‍ ചെക്ക് കേസിലും മറ്റും ശിക്ഷ അനുഭവിക്കുന്നവരാണ്. ലഹരി, മറ്റ് നിരോധിത വസ്തുക്കള്‍ തുടങ്ങിയവ കടത്തിയതിന് പേരില്‍ തടവിലാക്കപ്പെട്ടവരും, ഇതിലൂടെ വഞ്ചിക്കപെട്ടവരും ജയിലുകളില്‍ കഴിയുന്നുണ്ട്. ഇത്തരം ആളുകള്‍ക്ക് ആവശ്യമായ നിയമ സഹായം ലഭ്യമല്ല എന്നതാണ് പ്രധാന പ്രശ്‌നം.
അതേസമയം, കഴിഞ്ഞ റമദാനില്‍ വിവിധ രാജ്യങ്ങള്‍ പ്രഖ്യാപിച്ച പൊതുമാപ്പില്‍ ഉള്‍പ്പെട്ടവരുടെ കണക്ക് പുറത്തുവരുന്നതോടെ തടുവുകാരുടെ എണ്ണം ഇനിയും കുറയും. എല്ലാ രാജ്യങ്ങളിലും എംബസിയും കോണ്‍സുലേറ്റും ഇന്ത്യന്‍ തടവുകാരുടെ കേസുകള്‍ സംബന്ധിച്ച് ജാഗ്രത പാലിക്കുന്നതായി മന്ത്രാലയം അറിയിച്ചു.