മനാമ: വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ നിര്‍ദേശവുമായി എം.പിമാര്‍. മൂന്ന് ലക്ഷമോ അതിലധികമോ നിക്ഷേപിക്കുന്ന വിദേശികള്‍ക്ക് സ്ഥിരതാമസം, നികുതിയിളവുകള്‍, പൂര്‍ണ ഉടമസ്ഥാവകാശം എന്നിവ ഉറപ്പ് നല്‍കുന്ന കരട് നിയമം നാളെ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും. എം.പി അഹമ്മദ് സബാഹ് അല്‍ സല്ലൂമിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് നിര്‍ദേശം മുന്നോട്ടുവെച്ചത്.
കാര്‍ഷിക സാങ്കേതികവിദ്യ, ഭക്ഷ്യസുരക്ഷ, ഫാര്‍മസ്യൂട്ടിക്കല്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, മൈക്രോ ഇലക്ട്രോണിക്‌സ്, സാമ്പത്തിക സാങ്കേതികവിദ്യ എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ നിക്ഷേപം ആകര്‍ഷികക്കുകയാണ് ലക്ഷ്യം.
ഭാവിയില്‍ വ്യവസായങ്ങളെ പിന്തുണക്കുന്നതിന്റെ ഭാഗമായാണീ നിര്‍ദേശം. ഇത് മൂലം ബഹ്‌റൈനികള്‍ക്ക് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് കൂടി ഉറപ്പുവരുത്തും. ഇത്തരം മേഖലകളില്‍ ജോലി സാധ്യതകളെ പഠിക്കുകയും നിശ്ചിത അളവില്‍ സ്വദേശിവത്കരണം പോലുള്ളവ നിര്‍ബന്ധമാക്കുകയും ചെയ്യും. രാജ്യത്ത് എണ്ണയിതര വരുമാനത്തെ വളര്‍ത്താന്‍ ഈ നിര്‍ദേശം ഗുണം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.