മനാമ: പ്രവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് (ഐസിഡബ്ല്യുഎഫ്) ഗുണഭോക്താക്കളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം ഐസിഡബ്ല്യുഎഫ് ഫണ്ടില്‍ നിന്ന് ആറ് ഗള്‍ഫ് രാജ്യങ്ങളിലായി 6068 പേര്‍ക്കാണ് സഹായം ലഭിച്ചത്. 2023ല്‍ ഇത് 16294 ആണ്.
ബഹ്റൈനില്‍ കഴിഞ്ഞ വര്‍ഷം 63 പേര്‍ക്ക് മാത്രമാണ് സഹായം ലഭിച്ചത്. ഒമാനിലാണ് ഈ വര്‍ഷം കൂടുതല്‍ ഗുണഭോക്താക്കളുള്ളത്, 4156 പേര്‍. സൗദി അറേബ്യയില്‍ 426ഉം, യു.എ.ഇയില്‍ 660ഉം, കുവൈത്തില്‍ 64ഉം, ഖത്തറില്‍ 699ഉം പ്രവാസികള്‍ക്കാണ് ഐ.സി.ഡബ്ല്യൂ.എഫ് സഹായം ലഭിച്ചത്.
ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്കുള്ള താല്‍ക്കാലിക താമസം, വിമാന യാത്ര, അടിയന്തര വൈദ്യ സഹായം, നിയമ സഹായം, മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ്, കേസുകളില്‍ പെട്ടവര്‍ക്ക് പിഴയടയ്ക്കാനുള്ള സഹായം എന്നിവയ്ക്കാണ് തുക അനുവദിക്കാറുള്ളത്.
വിവിധ രാജ്യങ്ങളില്‍ എംബസികള്‍ മുഖേന നല്‍കുന്ന സേവനങ്ങള്‍ക്കുള്ള ഫീസില്‍ നിന്ന് മാറ്റിവെക്കുന്ന വിഹിതം, ബജറ്റ് ഫണ്ട്, സംഭാവന തുടങ്ങിയവയിലൂടെയാണ് ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് സമാഹരിക്കുന്നത്.
2023ലെ കണക്ക് പ്രകാരം 571 കോടിയോളം രൂപ വിവിധ രാജ്യങ്ങളിലാണ് ഐസിഡബ്ല്യുഎഫിലുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം 125 കോടി കെട്ടിക്കിടക്കുന്നതായാണ് കണക്ക്. ഇതിനിടയിലാണ് ഗുണഭോക്താക്കളുടെ എണ്ണം കുത്തനെ വെട്ടിക്കുറച്ചെന്ന കണക്ക് പുറത്തുവന്നിരിക്കുന്നത്.