മനാമ: കുടുംബ വഴക്കിനിടെ ഭാര്യയുടെ മൂക്കിനിടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഭര്‍ത്താവിന് 500 ദിനാര്‍ പിഴ ചുമത്തി. സുപ്രീം കോടതിയാണ് പിഴ ചുമത്തിയത്. ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് ഉന്നത കോടതി വിധി പറഞ്ഞത്.
ലോവര്‍ ക്രിമിനല്‍ കോടതിയും അപ്പീല്‍ കോടതിയും നേരത്തെ പുറപ്പെടുവിച്ച വിധികള്‍ സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. ഭാര്യയ്ക്ക് സംഭവിച്ച പരിക്കുകള്‍ പഴയതാണെന്നും താന്‍ കാരണമല്ലെന്നും പ്രതി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഫോറന്‍സിക് തെളിവുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഭര്‍ത്താവ് പ്രതിയാണെന്ന് വിധിച്ചത്.
മുറിവുകള്‍ അടുത്തിടെയുണ്ടായതാണെന്നും ഭാര്യയുടെ മൊഴിയുമായി ഇത് പൊരുത്തപ്പെടുന്നുണ്ടെന്നും 20 ദിവസത്തിലധികം ദൈനംദിന ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് അവരെ തടയാന്‍ തക്കവണ്ണം ഗുരുതരമാണ് മുറിവുകള്‍ എന്നും മെഡിക്കല്‍ പരിശോധകളില്‍ കണ്ടെത്തിയിരുന്നു.
ഭാര്യയുടെ മൊഴി പ്രകാരം മുമ്പ് ശസ്ത്രക്രിയ നടത്തിയ മൂക്കിലെ അതേ ഭാഗത്താണ് ഭര്‍ത്താവ് ഇടിച്ചതെന്നും ഇതിനു പുറമേ ഇയാള്‍ അടിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായെന്നും തെളിഞ്ഞു.
പ്രോസിക്യൂഷന്റെ അഭ്യര്‍ത്ഥന പ്രകാരം മനപൂര്‍വ്വം ഉപദ്രവിച്ചതിനും ഭര്‍ത്താവിനെതിരെ കുറ്റം ചുമത്തിയിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ നിര്‍ണായകമാണെന്നും പരിക്കുകള്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും നിയമനടപടികള്‍ ശരിയായി പാലിച്ചിട്ടുണ്ടെന്നും കോടതി കണ്ടെത്തി.