മനാമ: ബഹ്‌റൈന്‍ ഗ്രാന്‍ഡ് പ്രീ മത്സരങ്ങള്‍ക്കായി മത്സരാര്‍ഥികള്‍ രാജ്യത്ത് എത്തിത്തുടങ്ങി. രണ്ടുതവണ ലോക ചാമ്പ്യനായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ താരം ഫെര്‍ണാണ്ടോ അലോണ്‍സോ, മെഴ്സിഡസിന്റെ ആന്‍ഡ്രിയ കിമി അന്റൊനെല്ലി, വില്യംസിന്റെ കാര്‍ലോസ് സൈന്‍സ്, അലക്സാണ്ടര്‍ ആല്‍ബണ്‍, റെഡ് ബുള്‍ റേസിങ്ങിന്റെ യുകി സുനോഡ, ഹാസിന്റെ എസ്റ്റെബാന്‍ ഒകോണ്‍, റേസിങ് ബെല്ലിന്റെ ഐസക് ഹജ്ജാര്‍, ലിയാം ലോസണ്‍ എന്നിവര്‍ രാജ്യത്തെത്തി. ഫോര്‍മുല വണ്‍ അധികൃതരും സപ്പോര്‍ട്ട് ടീം ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം എത്തിച്ചേര്‍ന്നിട്ടുണ്ട്.
ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബഹ്റൈന്‍ ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ട് വെല്‍ക്കം ടീമാണ് പ്രതിനിധികളെ സ്വീകരിച്ചത്. ഏപ്രില്‍ 11 മുതല്‍ 13 വരെ സാഖിറിലെ ബഹ്‌റൈന്‍ ഇന്റര്‍ നാഷണല്‍ സര്‍ക്യൂട്ടിലാണ് ബഹ്‌റൈന്‍ ഗ്രാന്‍ഡ് പ്രീ നടക്കുന്നത്.
മത്സരാര്‍ഥികളെയും ആരാധകരെയും വരവേല്‍ക്കാന്‍ ട്രാക്കിനകത്തും പുറത്തുമുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടന്നുകൊണ്ടിരിക്കയാണ്. വിവിധ അതോറിറ്റികളുടെയും അധികൃതരുടെയും വിദഗ്ധരുടെയും അവലോകനങ്ങളും വിലയിരുത്തലുകളും പൂര്‍ത്തിയായിട്ടുണ്ട്.
ഓസ്‌ട്രേലിയ, ചൈന, ജപ്പാന്‍ എന്നിവിടങ്ങളിലെ മത്സരങ്ങള്‍ക്ക് ശേഷമാണ് എഫ് വണ്‍ ടീം ബഹ്‌റൈനിലെത്തുന്നത്. മത്സരത്തിനായുള്ള മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയിട്ടുണ്ട്.