മനാമ: സ്വകാര്യ മേഖലയിലെ വനിതാ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ പ്രസവാവധി 60 ദിവസത്തില്‍ നിന്ന് 70 ദിവസമായി വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദേശം എം.പിമാര്‍ ഏകകണ്ഠമായി അംഗീകരിച്ചു. ഹനാന്‍ ഫര്‍ദാന്റെ നേതൃത്വത്തിലുള്ള അഞ്ച് വനിതാ എം.പിമാരാണ് 2012 ലെ സ്വകാര്യ മേഖലയിലെ തൊഴില്‍ നിയമം ഭേദഗതി ചെയ്യുന്ന നിയമനിര്‍മാണം നിര്‍ദേശിച്ചത്.
പ്രസവശേഷം സുഖം പ്രാപിക്കുന്നതിനും നവജാതശിശുക്കളെ പരിപാലിക്കുന്നതിനും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ സമയം ആവശ്യമുണ്ടെന്ന് എം.പിമാര്‍ പറഞ്ഞു. നിയമത്തിലെ ആര്‍ട്ടിക്കിള്‍ 32 (എ) ഭേദഗതി ചെയ്യുന്നതാണ് നിര്‍ദ്ദിഷ്ട നിര്‍ദേശം.
ശമ്പളത്തോടുകൂടിയ പ്രസവാവധി 70 ദിവസമായി വര്‍ദ്ധിപ്പിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ 15 ദിവസത്തെ ശമ്പളമില്ലാത്ത അവധി അനുവദിക്കണമെന്നുമാണ് നിര്‍ദേശം.