മനാമ: ഷേരി, സാഫി, അന്‍ഡാഖ് മത്സ്യങ്ങള്‍ പിടിക്കുന്നതിന് രണ്ട് മാസത്തെ സീസണല്‍ നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സാമ്പത്തിക നഷ്ടപരിഹാരം നല്‍കുന്നതിനുള്ള അടിയന്തര നിര്‍ദേശം എംപിമാര്‍ ഏകകണ്ഠമായി അംഗീകരിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ 31 വരെ നീണ്ടുനില്‍ക്കുന്ന നിരോധനം മൂലം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മത്സ്യത്തൊഴിലാളികള്‍ സൂചിപ്പിച്ചതിനെത്തുടര്‍ന്നാണ് എം.പി ഹിഷാം അല്‍ അഷീരിയുടെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാര്‍ നിര്‍ദേശം മുന്നോട്ടുവെച്ചത്.
ഈ കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായ സാമ്പത്തിക ആഘാതം വളരെ വലുതാണെന്ന് ഡോ. അല്‍ അഷീരി പറഞ്ഞു. ‘പലരുടെയും കുടുംബത്തിന്റെ ഏക ആശ്രയം മത്സ്യബന്ധനമാണ്. ജനങ്ങളുടെ ഉപജീവന മാര്‍ഗത്തെ തടയുന്നതില്‍ പരിസ്ഥിതി നിയമങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് നിയമ നിര്‍മാതാക്കള്‍ എന്ന നിലയില്‍ നമ്മുടെ കടമയാണ്’, അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സമുദ്രജീവികളെ സംരക്ഷിക്കാനും മത്സ്യ ശേഖരത്തിന്റെ ദീര്‍ഘകാല സ്ഥിരത ഉറപ്പാക്കാനും ലക്ഷ്യമിടുന്നതാണ് സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ഏര്‍പ്പെടുത്തിയ നിരോധനം.