മനാമ: ഫെബ്രുവരിയില്‍ അറാദിലെ റസ്റ്റോറന്റില്‍ നടന്ന സ്‌ഫോടനത്തെ തുടര്‍ന്ന് രണ്ടു പേര്‍ മരണപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ റസ്റ്റോറന്റ് ഉടമയ്‌ക്കെതിരെ കേസെടുത്തു. സ്ഥാപനത്തിന്റെ ഉത്തരവാദിത്തമുള്ള വ്യക്തി നിര്‍ണായക സുരക്ഷാ ചട്ടങ്ങള്‍ അവഗണിച്ചുവെന്നും നിര്‍ബന്ധിത ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതില്‍ വീഴ്ചവരുത്തിയെന്നും മുഹറഖ് പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ചീഫ് പറയുന്നു.
കെട്ടിടത്തിലെ താഴത്തെ നിലയിലെ റസ്റ്റോറന്റിലുണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ കെട്ടിടം മുഴുവനും തകര്‍ന്നു. സംഭവത്തില്‍ ബാര്‍ബറായിരുന്നു ബംഗ്ലാദേശി സ്വദേശി ഷൈമോള്‍ ചന്ദ്ര ഷില്‍, സ്വദേശിയായ അലി അബ്ദുള്ള അല്‍ അഹമ്മദ് എന്നിവരാണ് മരണപ്പെട്ടത്.
പരിക്കേറ്റവര്‍, ദൃക്സാക്ഷികള്‍, സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍, സുരക്ഷാ പരിശോധനകളില്‍ ഏര്‍പ്പെട്ടിരുന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് റസ്റ്റോറന്റ് ഉടമയ്‌ക്കെതിരെ കേസെടുത്തത്.
റസ്റ്റോറന്റില്‍ നിന്ന് കുറച്ചു കാലമായി വാതകം ചോര്‍ന്നൊലിക്കുന്നുണ്ടെന്നും, ഒടുവില്‍ അത് സ്‌ഫോടനത്തിന് കാരണമാവുകയും ചെയ്തുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതേസമയം, തീപിടിത്തത്തിന്റെ കൃത്യമായ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല.