മനാമ: താമസസ്ഥലത്ത് ലഹരിമരുന്ന് സൂക്ഷിക്കുകയും കഞ്ചാവ് കൃഷി നടത്തുകയും ചെയ്ത അഞ്ചു പേര്‍ അറസ്റ്റിലായ റെയ്ഡിന്റെ വീഡിയോ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സ് ജനറല്‍ ഡയറക്ടറേറ്റിന്റെ ആന്റി-നാര്‍ക്കോട്ടിക്‌സ് ഡയറക്ടറേറ്റ് വിഭാഗമാണ് റെയ്ഡ് നടത്തിയത്.
ലഹരി ഇടപാട് നടത്തിയതിനും അത്തരം ആവശ്യങ്ങള്‍ക്കായി വീട്ടില്‍ കഞ്ചാവ് നട്ടുപിടിപ്പിച്ചതിനും 28നും 51നും ഇടയില്‍ പ്രായമുള്ള അഞ്ച് വ്യത്യസ്ത രാജ്യക്കാരാണ് അറസ്റ്റിലായത്. ഒരു ദശലക്ഷത്തിലധികം ബഹ്‌റൈന്‍ ദിനാറാണ് പിടിച്ചെടുത്ത ലഹരിമരുന്നുകളുടെ വിപണി മൂല്യം.
ലഹരിമരുന്ന് കൈവശം വയ്ക്കുകയോ വില്‍പന നടത്തുകയോ ചെയ്യുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ 996@interior.gov.bh എന്ന ഇമെയില്‍, അല്ലെങ്കില്‍ 996 എന്ന ഹോട്ട്ലൈന്‍, 999 എന്ന ഓപറേഷന്‍സ് റൂം ഹോട്ട്ലൈന്‍ എന്നിവയിലൂടെ പൊതുജനങ്ങള്‍ക്ക് അറിയിക്കാവുന്നതാണെന്ന് ഡയറക്റ്ററേറ്റ് അറിയിച്ചു.