മനാമ: ഗോള്‍ഡന്‍ റെസിഡന്‍സി വിസയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ നല്‍കുന്നതിനായി ഔദ്യോഗിക വെബ്സൈറ്റും ഹോട്ട്ലൈന്‍ നമ്പറും ആരംഭിച്ചു. www.goldenresidency.gov.bh എന്ന വെബ്‌സൈറ്റ് വഴിയും + 973 17484000 എന്ന നമ്പറിലും വിവരങ്ങള്‍ അറിയാം.
യോഗ്യതയുള്ള വ്യക്തികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ബഹ്റൈനില്‍ സ്ഥിരതാമസം നല്‍കുന്ന പദ്ധതിയാണ് 2022 ല്‍ അവതരിപ്പിച്ച ഗോള്‍ഡന്‍ റെസിഡന്‍സി പ്രോഗ്രാം. നിക്ഷേപകര്‍, സ്വത്ത് ഉടമകള്‍, കലാകാരന്മാര്‍, അത്ലറ്റുകള്‍, പ്രത്യേക വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍, ദീര്‍ഘകാലം സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍ എന്നിവരാണ് ഗോള്‍ഡന്‍ റെസിഡന്‍സി പ്രോഗ്രാമിന്റെ ഗുണഭോക്താക്കള്‍.
ഈ സംരംഭം റെസിഡന്‍സി സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഗുണപരമായ ചുവടുവെപ്പാണെന്ന് നാഷണാലിറ്റി, പാസ്പോര്‍ട്സ് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്സ് മന്ത്രാലയത്തിന്റെ (എന്‍പിആര്‍എ) അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍ ഖലീഫ പറഞ്ഞു. കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ബഹ്റൈനില്‍ ജോലി ചെയ്യുകയും ആ കാലയളവില്‍ 2,000 ദിനാറില്‍ കുറയാത്ത പ്രതിമാസ ശമ്പളം നേടുകയും ചെയ്ത ജീവനക്കാര്‍ക്ക് പ്രോഗ്രാം ലഭ്യമാണ്.
200,000 ദിനാര്‍ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വിലമതിക്കുന്ന ബഹ്റൈനില്‍ റിയല്‍ എസ്റ്റേറ്റ് ഉള്ള വ്യക്തികള്‍ക്കും അപേക്ഷിക്കാം. കുറഞ്ഞത് 15 വര്‍ഷമെങ്കിലും ബഹ്റൈനില്‍ ജോലി ചെയ്തിട്ടുണ്ടെങ്കില്‍ 2,000 ദിനാര്‍ പ്രതിമാസ പെന്‍ഷന്‍ ലഭിച്ചാല്‍ വിരമിച്ചവര്‍ക്ക് അര്‍ഹതയുണ്ട്. ബഹ്റൈനിന്റെ ഇ-ഗവണ്‍മെന്റ് പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം.