മനാമ: ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രി മത്സരത്തിന് ബഹ്റൈനില്‍ ഇന്ന് തുടക്കമാകും. സാഖീറിലെ 5.412 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിന്റെ 57 ലാപ്പുകളിലായിട്ടാണ് മത്സരം നടക്കുക.
ലോക ചാംപ്യന്മാര്‍ മാറ്റുരയ്ക്കുന്ന മത്സരം കാണാന്‍ നൂറുകണക്കിന് ആരാധകരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയിരിക്കുന്നത്. പരിശീലനത്തിന്റെയും യോഗ്യതാ സെഷനുകളുടെയും റേസുകളാണ് ഇന്ന് തുടങ്ങുക. ഏപ്രില്‍ 13നാണ് ജേതാവിനെ കണ്ടെത്താനുള്ള അവസാന മത്സരം നടക്കുക.
ഈ സീസണില്‍ മൂന്ന് എഫ്1 ഡ്രൈവര്‍ ചാംപ്യന്മാരാണ് ബഹ്റൈനിലെ ഫോര്‍മുല വണ്ണില്‍ മാറ്റുരയ്ക്കുന്നത്. നിലവിലെ ചാംപ്യനായ മാക്‌സ് വെര്‍സ്റ്റാപ്പന്‍ ഇത്തവണയും മത്സരിക്കുന്നുണ്ട്. 2021 മുതല്‍ 2024 വരെയുള്ള വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി വെര്‍സ്റ്റാപ്പന്‍ തന്നെയാണ് ജേതാവ്. ഏഴ് തവണ കിരീടം ചൂടിയ ലൂയിസ് ഹാമില്‍ട്ടണ്‍, 2005ലും 2006ലും ചാംപ്യന്‍പട്ടം നേടിയ ഫെര്‍ണാണ്ടോ അലോണ്‍സോ എന്നിവരാണ് ബഹ്റൈനിലെ മത്സരവേദിയിലെത്തുന്ന ലോക ചാംപ്യന്മാര്‍.