മനാമ: ട്രാഫിക് പിഴ അടയ്ക്കുന്നതിനുള്ള സമയപരിധി ഏഴ് ദിവസത്തില്‍ നിന്ന് 30 ദിവസമായി നീട്ടാനുള്ള പാര്‍ലമെന്ററി നിര്‍ദേശം തള്ളി ശൂറ കൗണ്‍സില്‍ കമ്മിറ്റി. സമയപരിധി നീട്ടാനുള്ള നീക്കം നിലവിലെ നിയമത്തിന്റെ പ്രതിരോധ പ്രഭാവം കുറയ്ക്കുകയും റോഡ് സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യുന്നതിലേയ്ക്ക് നയിക്കുകയും ചെയ്യുമെന്ന് ശൂറ കൗണ്‍സില്‍ കമ്മിറ്റി പറഞ്ഞു.
എംപി ഡോ. അലി അല്‍ നുഐമിയാണ് ട്രാഫിക് പിഴ അടയ്ക്കുന്നതിനുള്ള സമയപരിധി വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. എംപിമാര്‍ നിര്‍ദേശം അംഗീകരിക്കുകയും ചെയ്തിരുന്നു. പിഴ അടയ്ക്കാന്‍ കൂടുതല്‍ സമയം നല്‍കിക്കൊണ്ട് നിയമലംഘകര്‍ക്ക് സാമ്പത്തിക ആശ്വാസം നല്‍കുക എന്നതായിരുന്നു നിര്‍ദേശം മുന്നോട്ടുവെച്ച് ഡോ. അലി അല്‍ നുഐമി പറഞ്ഞത്.