മനാമ: 20 തൊഴില്‍ മേഖലയില്‍ പ്രവാസികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസ് അഞ്ചിരട്ടിയായി ഉയര്‍ത്തുന്നതിനുള്ള നിര്‍ദേശം അവതരിപ്പിച്ച് എംപി ജലാല്‍ കാദേം അല്‍ മഹ്ഫൂദ്. നിലവില്‍ എല്ലാ പ്രവാസികള്‍ക്കും രണ്ട് വര്‍ഷം കാലാവധിയുള്ള ലേബര്‍ ഫീസ് 200 ബഹ്റൈന്‍ ദിനാറാണ്. ഇത് 1,000 ദിനാറാക്കി ഉയര്‍ത്താന്‍ നിയമനിര്‍മാണം നടത്തണമെന്നാണ് എംപിയുടെ ആവശ്യം.
അക്കൗണ്ടന്റ്, എഞ്ചിനീയര്‍, സൈബര്‍ സുരക്ഷാ അനലിസ്റ്റ്, ധനകാര്യം, ആരോഗ്യം, ഇന്റീരിയര്‍ ഡിസൈന്‍, ശാസ്ത്രം തുടങ്ങിയ മേഖലയിലാണ് വര്‍ക്ക് പെര്‍മിറ്റ് ഫീസ് ഉയര്‍ത്താനുള്ള നിര്‍ദേശം. കൂടാതെ അവരുടെ കുടുംബാംഗങ്ങള്‍ക്ക് റെസിഡന്‍സി പെര്‍മിറ്റുകള്‍ ലഭിക്കാനും കൂടുതല്‍ പണം നല്‍കേണ്ടി വരും.
നിര്‍ദേശിച്ച ഫീസില്‍ നോഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി), എന്‍ട്രി വിസ, റെസിഡന്‍സി പെര്‍മിറ്റ്, റീ-എന്‍ട്രി വിസ, മെഡിക്കല്‍ പരിശോധന, ദേശീയ ഐഡി കാര്‍ഡ് തുടങ്ങിയ അനുബന്ധ ചെലവുകള്‍ ഉള്‍പ്പെടുന്നു. കൂടാതെ ഓരോ വിദേശ തൊഴിലാളിക്കും നല്‍കുന്ന പ്രതിമാസ ലെവിയില്‍ വര്‍ദ്ധനവ് വരുത്താനും നിര്‍ദേശമുണ്ട്. തൊഴിലുടമകള്‍ പ്രതിമാസം ഒരാള്‍ക്ക് 10 ദിനാര്‍ നല്‍കണം. ആദ്യത്തെ അഞ്ച് തൊഴിലാളികള്‍ക്ക് പ്രതിമാസ ഫീസ് 5 ദിനാറായി കുറയ്ക്കും.
വിദേശ തൊഴിലാളികളുടെയും വിദേശ തൊഴിലുടമകളുടെയും കുടുംബാംഗങ്ങള്‍ക്ക്, രണ്ട് വര്‍ഷത്തേക്ക് റെസിഡന്‍സി പെര്‍മിറ്റുകള്‍ നല്‍കുന്നതിനോ പുതുക്കുന്നതിനോ 200 ദിനാര്‍ ഫീസ് ബില്‍ നിര്‍ദേശിക്കുന്നു. ഈ ഫീസില്‍ എന്‍ഒസി, റെസിഡന്‍സി, റീ-എന്‍ട്രി വിസ ചെലവുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. ഓരോ സ്റ്റാന്‍ഡേര്‍ഡ് വര്‍ക്ക് പെര്‍മിറ്റിനും പുതുക്കലിനും തൊഴിലുടമകള്‍ 200 ബഹ്റൈന്‍ ദിനാര്‍ നല്‍കണം.
അതേസമയം, പണം അടയ്ക്കാത്തവര്‍ക്ക് 500 ബഹ്‌റൈന്‍ ദിനാര്‍ മുതല്‍ 2,000 ബഹ്‌റൈന്‍ ദിനാര്‍ വരെ പിഴ ചുമത്തും. 2006 ലെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി നിയമത്തിലെ നിര്‍ദ്ദിഷ്ട ഭേദഗതികള്‍ എംപി ജലാല്‍ കാദെം അല്‍ മഹ്ഫൂദ് ഇന്നലെയാണ് അവതരിപ്പിച്ചത്.