പ്രവാസി ക്ഷേമപെന്‍ഷന്‍ പദ്ധതി; കുടിശ്ശിക വരുത്തിയവരുടെ അംഗത്വം റദ്ദാക്കുന്നതിനെതിരായ റിട്ട് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

pension

 

കൊച്ചി: 62 വയസ് കഴിഞ്ഞ പ്രവാസികളുടെ ക്ഷേമനിധി അംഗത്വം കേരള പ്രവാസി ക്ഷേമ പദ്ധതി 2009ന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഏകപക്ഷീയമായി റദ്ദാക്കുന്ന പ്രവാസി ക്ഷേമ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ പ്രവാസി ലീഗല്‍ സെല്ലിന്റെ നിയമ പിന്തുണയോടെ ഹൈക്കോടതിയെ സമീപിച്ച നന്ദഗോപകുമാറിന്റെ റിട്ട് പെറ്റീഷന്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

എതിര്‍കക്ഷികളായ കേരള സര്‍ക്കാര്‍ നോര്‍ക്ക വകുപ്പിനും കേരള ക്ഷേമനിധി ബോര്‍ഡിനും നോട്ടീസ് അയക്കാന്‍ ഉത്തരവായി. കേരള ഹൈക്കോടതി ജസ്റ്റീസ് എസ് ഡയസ്സിന്റെ ബെഞ്ചാണ് ഉത്തരവിട്ടത്. കേസ് ജൂണ്‍ 13ന് വീണ്ടും പരിഗണിക്കും.

2009ലെ കേരള പ്രവാസി ക്ഷേമപദ്ധതി വകുപ്പ് 21 പ്രകാരം വരിസംഖ്യ കുടിശ്ശിക വരുത്തി പദ്ധതി അംഗത്വം നഷ്ടപ്പെടുന്ന പ്രവാസി, മുടക്കം വരാനുള്ള കാരണങ്ങള്‍ യുക്തിസഹമായി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ ബോധ്യപ്പെടുത്തിയാല്‍ അംഗത്വം വീണ്ടെടുക്കാമെന്ന വ്യവസ്ഥയുണ്ട്.

എന്നാല്‍ ഈ വ്യവസ്ഥ അവഗണിച്ചുകൊണ്ട് 62 വയസ് പിന്നിട്ട ആര്‍ക്കും വീണ്ടും നല്‍കേണ്ടെന്ന 34ാമത് ബോര്‍ഡ് മീറ്റിംഗിലെ 17ാം നമ്പര്‍ പ്രമേയത്തിലെ തീരുമാനത്തെയാണ് ഹര്‍ജി ചോദ്യം ചെയ്യുന്നത്. ബോര്‍ഡിന്റെ ഈ തീരുമാനത്തിനെതിരെ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും ക്ഷേമനിധി സി.ഇ.ഒയെയും നേരിട്ട് കണ്ട് പ്രവാസി ലീഗല്‍ സെല്‍ നിവേദനം നല്‍കിയെങ്കിലും തീരുമാനം മാറ്റാന്‍ ബോര്‍ഡോ സര്‍ക്കാരോ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കാന്‍ പ്രവാസി ലീഗല്‍സെല്‍ തീരുമാനിച്ചത്.

വിവരാവകാശ നിയമപ്രകാരം ബോര്‍ഡില്‍ നിന്നും ലഭിച്ച രേഖകള്‍ പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 18,808 പ്രവാസികള്‍ക്കാണ് വിവിധ കാരണങ്ങളാല്‍ ക്ഷേമനിധി അംഗത്വം നഷ്ടപ്പെട്ട് പെന്‍ഷനുള്ള അവകാശം നഷ്ടമായത്. ഇതില്‍ 282 പേര്‍ 62 വയസ് കഴിഞ്ഞ പ്രവാസികളാണ്. കോടതി ഉത്തരവ് അനുകൂലമായാല്‍ ക്ഷേമബോര്‍ഡിന്റെ ചട്ടവിരുദ്ധമായ തീരുമാനപ്രകാരം അംഗത്വം നഷ്ടപ്പെട്ട നൂറുകണക്കിന് പ്രവാസികള്‍ക്ക് അംഗത്വം പുനസ്ഥാപിച്ച് കിട്ടാനുള്ള സാഹചര്യമുണ്ടാകും.

ഹര്‍ജിക്കാര്‍ക്കുവേണ്ടി അഭിഭാഷകരായ ജോസ് അബ്രഹാം, മനാസ്. പി. ഹമീദ്, ആര്‍. മുരളീധരന്‍, വിമല്‍ വിജയ്, റെബിന്‍ വിന്‍സന്റ് എന്നിവര്‍ കോടതിയില്‍ ഹാജരായി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!