മനാമ: ജുവനൈല്‍ കുറ്റകൃത്യങ്ങളിലകപ്പെടുന്ന കുട്ടിക്കുറ്റവാളികള്‍ക്ക് ജയില്‍ ശിക്ഷക്ക് ബദല്‍ നിര്‍ദേശിച്ച കരട് നിയമത്തിന് ശൂറ കൗണ്‍സിലിന്റെ അംഗീകാരം. ജയിലിന് പകരം സാങ്കേതികവിദ്യാ നിയന്ത്രണങ്ങളോ മാനസികാരോഗ്യ പരിചരണമോ നല്‍കാന്‍ ജഡ്ജിമാര്‍ക്ക് അവകാശം നല്‍കുന്നതാണ് നിര്‍ദേശം.
അനുമതികള്‍ക്കായി നിയമം തിരഞ്ഞെടുക്കപ്പെട്ട സഭയിലേകക്കും മന്ത്രിസഭയിലേക്കും ഹമദ് രാജാവിന്റെ സന്നിധിയിലേക്കും അയക്കും. നിയമം നടപ്പായാല്‍ കുറ്റവാളിയുടെ അവസ്ഥ, പെരുമാറ്റം, ആവശ്യങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി ശിക്ഷകള്‍ നല്‍കാന്‍ കോടതിക്ക് അധികാരം ലഭിക്കും.
ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്ന കുട്ടികളെ പുനരധിവാസത്തിലൂടെ മാനസികമായോ ശാരീരികമായോ പിന്തുണക്കുക എന്നതാണ് ലക്ഷ്യം. നിര്‍ദേശത്തില്‍ ചില വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിനുള്ള നിരോധനം, നിശ്ചിത കാലയളവില്‍ ഇടക്കിടക്ക് പൊലീസ് സ്റ്റേഷനുകളില്‍ നിര്‍ബന്ധിത ഹാജരാകല്‍, ആരോഗ്യ-മാനസികാരോഗ്യ പരിചരണ സ്ഥാപനങ്ങളിലേക്ക് നിര്‍ദേശിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു. ഇവയുടെയൊക്കെ പൂര്‍ണ ഉത്തരവാദിത്തം ആഭ്യന്തര മന്ത്രാലയത്തിനാണ്.