മനാമ: അല്‍ റാംലിയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തികൊണ്ടിരിക്കുന്ന എട്ട് കാലുകളുള്ള വിചിത്ര ജീവി ഒട്ടക ചിലന്തിയാണെന്ന് സ്ഥിരീകരണം. നോര്‍ത്തേണ്‍ കൗണ്‍സിലര്‍ അബ്ദുള്ള അഷൂറാണ് ഇക്കാര്യം അറിയിച്ചത്. കുത്തേറ്റാല്‍ കഠിനമായ വേദനയുണ്ടാവുമെങ്കിലും വിഷമില്ലാത്തതിനാല്‍ മനുഷ്യര്‍ക്ക് ദോശകരമല്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഗാലിയോഡ്സ് അറബ്‌സ്’ എന്ന് ശാസ്ത്രീയമായി അറിയപ്പെടുന്ന ഇവ മാംസഭോജികളാണ്. ശൈത്യകാലത്ത് അപ്രത്യക്ഷരാകുന്ന ഈ ജീവികള്‍ വേനല്‍ക്കാലത്ത് പുറത്തിറങ്ങും. മാര്‍ച്ച് അവസാനം മുതല്‍ ഏപ്രില്‍ ആദ്യവാരം വരെയാണ് ഇവ സാധാരണയായി പ്രത്യക്ഷപ്പെടുന്നത്.
പ്രാണികള്‍, എലികള്‍, പല്ലികള്‍ എന്നിവയാണ് പ്രധാന ഭക്ഷണം. യഥാര്‍ഥത്തില്‍ ഇവ ചിലന്തികളല്ല, സോളിഫ്യൂഗുകള്‍ എന്ന വിഭാഗത്തില്‍പ്പെട്ടവയാണ്. സൗദി അറേബ്യയില്‍ നിന്നെത്തിയ പഴം-പച്ചക്കറിയിലൂടെ ഇവ ബഹ്‌റൈനില്‍ എത്തിയതാകാമെന്നാണ് സൂചന.