മനാമ: 150 ടണ്ണില്‍ കുറഞ്ഞ ഭാരമുള്ള എല്ലാ ചെറിയ കടല്‍ യാത്രാ കപ്പലുകളിലും ട്രാന്‍സ്പോണ്ടറുകള്‍ നിര്‍ബന്ധമാക്കി. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച മന്ത്രിതല ഉത്തരവിലാണ് ഇക്കാര്യമുള്ളത്. ജെറ്റ് സ്‌കീകള്‍ക്ക് ഈ നിയമത്തില്‍ നിന്ന് ഇളവ് നല്‍കിയിട്ടുണ്ട്.
അപകടത്തില്‍പ്പെട്ട കപ്പലുകളെ കണ്ടെത്താന്‍ സഹായിക്കുന്ന ട്രാന്‍സ്പോണ്ടറുകള്‍, സിഗ്‌നല്‍ ലഭിക്കുമ്പോള്‍ പ്രതികരണമായി മറ്റൊരു സിഗ്‌നല്‍ പുറപ്പെടുവിക്കുന്ന ഉപകരണമാണ്. ബഹ്റൈന്‍ തുറമുഖ, സമുദ്രകാര്യ നാവിഗേഷന്‍ ഡയറക്ടറേറ്റിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ട്രാന്‍സ്പോണ്ടറുകള്‍ക്ക് കോസ്റ്റ്ഗാര്‍ഡിന്റെ അംഗീകാരവും ലൈസന്‍സും നിര്‍ബന്ധമാണ്. ഉപകരണങ്ങളുടെ സാങ്കേതിക സവിശേഷതകളും പ്രവര്‍ത്തന പരിധിയും അനുസരിച്ച് കോസ്റ്റ്ഗാര്‍ഡ് ട്രാന്‍സ്പോണ്ടറുകളെ കാറ്റഗറി ഒന്ന്, കാറ്റഗറി രണ്ട് എന്നിങ്ങനെ തരംതിരിക്കും. കാറ്റഗറി ഒന്നില്‍ പരിമിതമായ സവിശേഷതകളാണുള്ളത്. ഇത് രാജ്യത്തിന്റെ തീരത്ത് നിന്ന് പരിമിതമായ പരിധിക്കുള്ളില്‍ മാത്രമേ പ്രവര്‍ത്തിക്കൂ.
കാറ്റഗറി രണ്ടില്‍ കൂടുതല്‍ സവിശേഷതകള്‍ ഉണ്ടായിരിക്കും. ജെറ്റ് സ്‌കീകള്‍ ഒഴികെയുള്ള എല്ലാ കപ്പലുകളിലും ഈ രണ്ട് കാറ്റഗറിയിലുള്ള ഏതെങ്കിലും ഒരു ട്രാന്‍സ്പോണ്ടര്‍ ഘടിപ്പിച്ചിരിക്കണം. സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി അംഗീകൃത പരിധിക്കുള്ളില്‍ ഉപകരണം പ്രവര്‍ത്തിപ്പിക്കുകയും കപ്പലില്‍ സ്ഥാപിക്കുകയും ചെയ്യേണ്ടത് നിര്‍ബന്ധമാണ്.