മനാമ: ട്രാഫിക് പിഴ അടയ്ക്കുന്നതിനുള്ള സമയപരിധി ഏഴ് ദിവസത്തില്‍ നിന്ന് 30 ദിവസമായി നീട്ടാനുള്ള നിയമനിര്‍ദേശം തള്ളി ശൂറ കൗണ്‍സില്‍. ഫെബ്രുവരിയില്‍ എംപിമാര്‍ അംഗീകരിച്ച കരട് ഭേദഗതിയാണ് തള്ളിയത്.
സമയപരിധി നീട്ടാനുള്ള നീക്കം നിലവിലെ നിയമത്തിന്റെ പ്രതിരോധ പ്രഭാവം കുറയ്ക്കുകയും റോഡ് സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യുന്നതിലേയ്ക്ക് നയിക്കുകയും ചെയ്യുമെന്ന് ശൂറ കൗണ്‍സില്‍ ആവര്‍ത്തിച്ചു.
ഡോ. അലി അല്‍ നുഐമി എംപിയാണ് ട്രാഫിക് പിഴ അടയ്ക്കുന്നതിനുള്ള സമയപരിധി വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. പിഴ അടയ്ക്കാന്‍ കൂടുതല്‍ സമയം നല്‍കിക്കൊണ്ട് നിയമലംഘകര്‍ക്ക് സാമ്പത്തിക ആശ്വാസം നല്‍കുക എന്നതായിരുന്നു നിര്‍ദേശം മുന്നോട്ടുവെച്ച് ഡോ. അലി അല്‍ നുഐമി പറഞ്ഞത്.
പിഴ അടക്കാനുള്ള സമയപരിധി നീട്ടുന്നത് ഡ്രൈവര്‍മാരുടെ പെരുമാറ്റം ശരിയാക്കാനുള്ള ഉദ്ദേശ്യത്തെ ദുര്‍ബലപ്പെടുത്തുമെന്ന് ശൂറ കൗണ്‍സിലിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ കമ്മിറ്റി പറഞ്ഞു. പിഴകള്‍ കേവലം പണം സ്വരൂപിക്കാന്‍ വേണ്ടിയല്ലെന്നും മോശമായ ഡ്രൈവിംഗ് തടയുന്നതിന്റെ ഭാഗമാണെന്നും ശൂറ കമ്മിറ്റിയുടെ അധ്യക്ഷനായ ഡോ. അലി അല്‍ റുമൈഹി പറഞ്ഞു.