മനാമ: ഹമദ് ടൗണില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു സ്‌പോര്‍ട്‌സ് സിറ്റി സ്ഥാപിക്കാനുള്ള നിര്‍ദേശത്തിന് നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. ഹമദ് ടൗണിലെ ബ്ലോക്ക് 1212 ലെ ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയോട് ചേര്‍ന്നുകിടക്കുന്ന സര്‍ക്കാര്‍ ഭൂമിയിലാണ് പദ്ധതി സ്ഥാപിക്കുക.
ഫുട്‌ബോള്‍ പിച്ചുകള്‍, ഇന്‍ഡോര്‍ കോര്‍ട്ടുകള്‍, റണ്ണിങ് ട്രാക്കുകള്‍, നീന്തല്‍ക്കുളങ്ങള്‍, ഫിറ്റ്‌നസ് സെന്ററുകള്‍ തുടങ്ങി വിവിധ സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും. ഇത് ഹമദ് ടൗണിനെ പ്രാദേശിക കായിക ഭൂപടത്തില്‍ അടയാളപ്പെടുത്തുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
കൗണ്‍സിലിന്റെ സര്‍വീസസ് ആന്‍ഡ് പബ്ലിക് യൂട്ടിലിറ്റീസ് കമ്മിറ്റി ചെയര്‍മാനും ഏരിയ കൗണ്‍സിലറുമായ അബ്ദുള്ള ഷരീദ അല്‍ തവാദിയാണ് പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്നത്. സ്‌പോര്‍ട്‌സിന് പുറമേ യുവജന ഇടപെടല്‍, സമൂഹ വിനോദം എന്നിവകൂടി ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്.