മനാമ: 2025 ലെ ‘സ്‌ട്രോങ്ങസ്റ്റ് മാന്‍’ ചാംപ്യന്‍ഷിപ്പ് ഏപ്രില്‍ 18, 19 തീയതികളില്‍ മനാമയിലെ അവന്യൂസ് മാളിന് എതിര്‍വശത്തുള്ള ഔട്ട്ഡോര്‍ അരീനയില്‍ നടക്കും. സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സിന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് പരിപാടി നടക്കുക.
മത്സരങ്ങളില്‍ ബഹ്റൈനില്‍ നിന്നും ജിസിസി രാജ്യങ്ങളില്‍ നിന്നുമുള്ള കരുത്തുറ്റ അത്ലീറ്റുകള്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരയ്ക്കും. കാരി&ലോഡ്, എക്‌സ്എല്‍ ബാര്‍ ഡെഡ്ലിഫ്റ്റ്, വൈക്കിങ് പ്രസ്, വീല്‍ ഓഫ് പെയിന്‍, ആം ഓവര്‍ ആം പുള്‍, ഹെര്‍ക്കുലീസ് ഹോള്‍ഡ്, പവര്‍ സ്റ്റെയേഴ്‌സ് എന്നിവയാണ് പ്രധാന മത്സരങ്ങള്‍. ഓരോ മത്സരവും അത്ലീറ്റുകളുടെ ശക്തി, സഹിഷ്ണുത, ദൃഢനിശ്ചയം എന്നിവ പരീക്ഷിക്കുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
ലൈറ്റ്വെയ്റ്റ്, മിഡില്‍വെയ്റ്റ് വിഭാഗങ്ങളിലും സ്‌ട്രോങ്ങസ്റ്റ് ഗള്‍ഫ് മാന്‍ പട്ടത്തിന് വേണ്ടിയുള്ള മത്സരങ്ങളും വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും. മുന്‍പ് അഞ്ച് ഗെയിമുകള്‍ മാത്രമുണ്ടായിരുന്നത് ഈ വര്‍ഷം ഏഴായി ഉയര്‍ത്തിയിട്ടുണ്ട്. ചാംപ്യന്‍ഷിപ്പിന്റെ അവസാന ദിവസം വിജയികളെ പ്രഖ്യാപിക്കും.