മനാമ: രേഖകളില്ലാത്ത തൊഴിലാളികളെ താമസിപ്പിച്ചിരുന്നതും മോഷണം, മയക്കുമരുന്ന് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതുമായ ഉപേക്ഷിക്കപ്പെട്ട പാര്‍പ്പിടങ്ങള്‍ കാര്‍ പാര്‍ക്കുകളാക്കി മാറ്റാന്‍ കൗണ്‍സിലര്‍മാരുടെ തീരുമാനം. പൊതു പാര്‍ക്കിംഗ് ഏരിയകളായാണ് മാറ്റുക.
നാലാമത്തെ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുഹമ്മദ് ഹുസൈന്‍ ദറാജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം. റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ഉപേക്ഷിക്കപ്പെട്ട നിരവധി വീടുകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഹോട്ട്സ്പോട്ടുകളായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കെട്ടിടങ്ങള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും സമീപത്തെ കുടുംബങ്ങള്‍ക്ക് തുടര്‍ച്ചയായ ശല്യത്തിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല, പൊതു പാര്‍ക്കിംഗ് സൗകര്യങ്ങളുടെ അഭാവം അനുഭവപ്പെടുന്നുണ്ടെന്നും ഇത് താമസക്കാര്‍ക്കിടയില്‍ പതിവ് സംഘര്‍ഷങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും ദറാജ് കൂട്ടിച്ചേര്‍ത്തു. പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പദ്ധതി രേഖ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.