മനാമ: സതേണ്‍ ഗവര്‍ണറേറ്റിലെ പുതിയ വാണിജ്യ കെട്ടിടങ്ങളില്‍ മാലിന്യം സൂക്ഷിക്കുന്ന വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കാന്‍ നിശ്ചിത സ്ഥലം നല്‍കണമെന്ന് നിര്‍ദേശം. കൗണ്‍സിലര്‍ മുഹമ്മദ് ദറാജാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. എതിര്‍പ്പില്ലാതെ പാസായ ഈ നിര്‍ദേശം മുനിസിപ്പല്‍ കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്.
അംഗീകാരം ലഭിച്ചാല്‍ കെട്ടിട നിയമങ്ങളുടെ ഭാഗമായി ഈ നടപടി മാറും. മാലിന്യക്കൂമ്പാരങ്ങള്‍ മൂലം പ്രവേശന കവാടങ്ങള്‍ തടസ്സപ്പെടുത്തുന്നതായും നടപ്പാതകള്‍ അലങ്കോലമാക്കുന്നതായും പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ നിര്‍ദേശം.
നിര്‍ദേശത്തില്‍ മുനിസിപ്പാലിറ്റി മന്ത്രിക്ക് എതിര്‍പ്പ് അറിയിക്കാന്‍ 15 ദിവസത്തെ സമയമാണുള്ളത്. അങ്ങനെ സംഭവിക്കുകയും കൗണ്‍സില്‍ പിന്മാറാന്‍ വിസമ്മതിക്കുകയും ചെയ്താല്‍, വിഷയം അന്തിമ തീരുമാനത്തിനായി മന്ത്രിസഭയ്ക്ക് കൈമാറും.