മനാമ: രണ്ട് പതിറ്റാണ്ടുകളായി തുടരുന്ന ദുരിതങ്ങള്‍ക്ക് ശേഷം, ഇന്ത്യന്‍ പൗരനായ അയ്യപ്പന്‍ മുരുകയ്യയെ ജന്‍മനാടായ ഇന്ത്യയിലേയ്ക്ക് തിരിച്ചയച്ചു. 2004 മുതല്‍ സാധുവായ രേഖകളില്ലാതെയും 2006 മുതല്‍ യാത്രാ വിലക്കിലും പെട്ട് ബഹ്റൈനില്‍ കുടുങ്ങിയ മുരുകയ്യന് പ്രവാസി ലീഗല്‍ സെല്‍, ഇന്ത്യന്‍ എംബസി, വിവിധ അഭ്യുദയകാംക്ഷികള്‍ എന്നിവരുടെ സഹകരണത്തോടെ നടത്തിയ ഏകോപിത ഇടപെടലുകളുടെ ശ്രമഫലമായാണ് ഇപ്പോള്‍ നാടണയാനായത്.
യാത്രാവിലക്കിന് പുറമേ മുരുകയ്യയ്ക്ക് പ്രമേഹം മൂലമുണ്ടായ സങ്കീര്‍ണതകള്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നു. അതിന്റെ ഫലമായി രണ്ട് കാല്‍വിരലുകള്‍ മുറിച്ചുമാറ്റി. നാട്ടില്‍ പോകാന്‍ ഇന്ത്യന്‍ എംബസി അടിയന്തര സര്‍ട്ടിഫിക്കറ്റ് നല്‍കി. നിരവധി നിയമനടപടികള്‍ക്ക് ശേഷം യാത്രാ വിലക്ക് നീക്കുകയും ചെയ്തു.
അതേസമയം, യാത്രാവിലക്ക് നീക്കി നാട്ടിലേയ്ക്ക് മടങ്ങാനും ചികിത്സയ്ക്കും സഹായിച്ച ബഹ്റൈന്‍ സര്‍ക്കാരിനും ജുഡീഷ്യല്‍ അധികാരികള്‍ക്കും സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിനും അല്‍ ഹിലാല്‍ ആശുപത്രിക്കും മുരുകയ്യ നന്ദി അറിയിച്ചു.